അരങ്ങിലെങ്ങും കളംമാറ്റനാടകങ്ങള്‍

തിരുവനന്തപുരം: കുഴഞ്ഞുമറിഞ്ഞ മാരത്തണ്‍ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റുവിഭജനവും സ്ഥാനാര്‍ഥിപ്രഖ്യാപനവും നടന്നതിനുപിന്നാലെ നാടകീയരംഗങ്ങള്‍ക്ക് ഇടനല്‍കി മുന്നണികളില്‍ കളംമാറ്റനാടകങ്ങള്‍. ആഗ്രഹിച്ച സീറ്റുകള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ചിലര്‍ മുന്നണിവിടുകയും കിട്ടിയ സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമില്ളെന്ന് അറിയിച്ച് സ്ഥാനാര്‍ഥിത്വം ഒഴിയുകയും സീറ്റ് കിട്ടാതെ അതേമുന്നണിയില്‍ സ്വതന്ത്രനാവുകയും ചെയ്താണ് കളംമാറ്റ നാടകങ്ങള്‍ ചിലര്‍ കാഴ്ചവെച്ചത്. പത്രിക സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കളംമാറ്റങ്ങള്‍ ഇനിയും സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയം 90 ശതമാനത്തോളം പൂര്‍ത്തിയായിക്കഴിഞ്ഞു. തലേന്നാള്‍ വരെ യു.ഡി.എഫിന് പ്രവര്‍ത്തിച്ചവര്‍ ഒറ്റ രാത്രി കൊണ്ട് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയാറെടുക്കുന്നു. കോര്‍പറേഷനിലെ മൂന്നു വാര്‍ഡുകളിലെ പോരാട്ടമാണ് ജനശ്രദ്ധകേന്ദ്രീകരിക്കാന്‍ പോകുന്നത്. കമലേശ്വരം, ജഗതി, പേട്ട വാര്‍ഡുകളിലാണ് മുന്നണികള്‍ ഈ പോരാട്ടത്തിന് തയാറെടുക്കുന്നത്. കമലേശ്വരത്ത് ജനതാദള്‍ (യു) സംസ്ഥാന ഭാരവാഹിയായിരുന്ന മുജീബ് റഹ്മാനും പേട്ടയില്‍ ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗമായ എസ്. ജയകുമാറും ജഗതിയില്‍ മുന്‍കാല സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് സംസ്ഥാന ഭാരവാഹിയായ പി. ഹരികുമാറുമാണ് മത്സരരംഗത്തുള്ളത്. മുജീബും ജയകുമാറും സി.പി.എം സ്ഥാനാര്‍ഥികളായാണ് മത്സരിക്കുന്നത്. സി.പി.എം സ്വതന്ത്രനായാണ് പി. ഹരികുമാറിന്‍െറ പോരാട്ടം. വര്‍ഷങ്ങളായി ആര്‍.എസ്.പി കൈവശം വെച്ചിരിക്കുന്ന വാര്‍ഡ് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ. ജയകുമാര്‍ സി.പി.എമ്മിലേക്ക് കൂടുമാറിയത്. ജയകുമാര്‍ പേട്ടയില്‍ നിന്നാണ് ജനവിധിതേടുന്നത്. മേയര്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി ഉറപ്പിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന വക്താവ് വി.വി. രാജേഷ് മത്സരരംഗത്തു നിന്ന് പിന്മാറി. രാജേഷിന്‍െറ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മതം മൂളിയിരുന്നില്ല. രാജേഷിനെ പരിഗണിച്ചിരുന്ന കൊടുങ്ങാനൂര്‍ വാര്‍ഡില്‍ കെ. ഹരികുമാറാകും ബി.ജെ.പി സ്ഥാനാര്‍ഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.