ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍

വിളപ്പില്‍ശാല: നൂലിയോട് സി.എസ.്ഐ പള്ളി ആക്രമണത്തിലെ പ്രധാന പ്രതി പൊലീസ് പിടിയില്‍. ഡി.വൈ.എഫ.്ഐ പ്രാദേശിക നേതാവ് നൂലിയോട് വിനോദ് ഭവനില്‍ ചൊക്ളി എന്ന വിനോദിനെയാണ്(26) വിളപ്പില്‍ശാല പൊലീസ് പിടികൂടിയത്. പള്ളി ആക്രമണം ഉള്‍പ്പെടെ വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 15 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ആഗസ്റ്റ് 15 അര്‍ധരാത്രിയോടെയാണ് നൂലിയോട് സി.എസ്.ഐ പള്ളിയില്‍ ഒരുസംഘം ആക്രമണം നടത്തിയത്. പള്ളിമണി, ജനാലകള്‍, വൈദ്യുത വിളക്കുകള്‍ തുടങ്ങിയവ തല്ലിത്തകര്‍ത്തിരുന്നു. മുമ്പ് പലപ്രാവശ്യം ഈ പള്ളിക്കുനേരെ സമാന ആക്രമണം അരങ്ങേറിയിരുന്നു. സംഭവം ദിവസംതന്നെ പ്രതികളെ കുറിച്ച് വ്യക്തത ലഭിച്ച പൊലീസ് വിനോദിനും സംഘത്തിനുമായി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍, പൊലീസ് ഡി.വൈ.എഫ്.ഐ നേതാവിനെ മനഃപൂര്‍വം കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം അടക്കം നടത്തി. വിശ്വാസികളും പ്രതികളെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ആരംഭിച്ചു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയവെ രണ്ട് അടിപിടിക്കേസുകളിലും വിനോദ് ഉള്‍പ്പെട്ടതായും പൊലീസ് പറയുന്നു. 2013ല്‍ രണ്ടുതവണ വിനോദിനെതിരെ പൊലീസ് നല്ലനടപ്പിനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2015ല്‍ മൂന്ന് കേസുകളില്‍ വിനോദ് പ്രതിയായതോടെ വീണ്ടും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗുണ്ടാ ആക്ട് അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് ശിപാര്‍ശ ചെയ്യുമെന്നാണ് വിവരം. മലയിന്‍കീഴ് സി.ഐ ബിനുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വിളപ്പില്‍ശാല എസ്.ഐ ഹേമന്ത്കുമാര്‍, ഗ്രേഡ് എസ്.ഐ ജോണ്‍ ബ്രിട്ടോ, എ.എസ്.ഐ ഉദയകുമാര്‍, സി.പിഒമാരായ ബിജു, ഹരികുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് നൂലിയോട്ടുള്ള ഒളിത്താവളത്തില്‍നിന്ന് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.