വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ജോലിതട്ടിപ്പ്: പൊലീസ് കേസെടുത്തു

കോവളം: വിഴിഞ്ഞം രാജ്യാന്തര തുറമുഖപദ്ധതി നിര്‍മാണത്തോടനുബന്ധിച്ച് തൊഴില്‍ ലഭ്യമാക്കാമെന്ന് പറഞ്ഞ് പണം തട്ടി കടന്നുവെന്ന പരാതിയില്‍ കോവളം പൊലീസ് കേസെടുത്തു. തുറമുഖ പദ്ധതിയോടനുബന്ധിച്ച ഡ്രഡ്ജിങ് ജോലിയുടെ പ്രോജക്ട് എന്‍ജിനീയര്‍ എന്ന പേരില്‍ തദ്ദേശീയരായ 20 പേരില്‍നിന്ന് 10,500 രൂപ വീതം ഈടാക്കിയെന്ന കേസില്‍ വിശാഖപട്ടണം സ്വദേശി അജയ് അരുണിനെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന് എസ്.ഐ ജെ. രാകേഷ് അറിയിച്ചു. ആദ്യഘട്ടങ്ങളില്‍ ഫോണില്‍ പ്രതികരിച്ചിരുന്ന പ്രതി ഡ്രഡ്ജിങ് ഉപകരണങ്ങളുമായി അദാനി ഗ്രൂപ്പിന്‍െറ കപ്പല്‍ കൊല്ലത്തടുത്തുവെന്ന വാര്‍ത്തക്ക് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങുകയായിരുന്നു. ഓഫിസ് സ്റ്റാഫ്, ഹെല്‍പര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളുടെ പേരിലായിരുന്നു പണം തട്ടല്‍. ഫെബ്രുവരിയില്‍ കോവളത്തെ ഒരു ഹോട്ടലില്‍ താമസിച്ച് പണം ഈടാക്കി മാര്‍ച്ചില്‍ സ്ഥലം വിട്ടുവെന്നാണ് പരാതിക്കാരില്‍ നിന്നുള്ള വിവരമെന്ന് പൊലീസ് പറയുന്നു. മുംബൈ കേന്ദ്രമായുള്ള കമ്പനിയുടെ പേരിലാണ് പണം ഈടാക്കിയിരുന്നതെന്നും ഈ കമ്പനിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ ‘മാധ്യമ’മാണ് ആദ്യം പുറത്തുവിട്ടത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ യുവാവിനെ ബന്ധപ്പെട്ടപ്പോഴാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടത് മനസ്സിലായതെന്നും തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നും പണം നല്‍കിയവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.