കേരള ഓട്ടോമൊബൈല്‍സില്‍ മോഷണം

നെയ്യാറ്റിന്‍കര: കടവും കെടുകാര്യസ്ഥതയും കൊണ്ട് വീര്‍പ്പ് മുട്ടി അടച്ചുപൂട്ടലിന്‍െറ വക്കിലത്തെിയ ആറാലുംമൂട്ടിലെ സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കേരള ഓട്ടോ മെബൈല്‍സില്‍നിന്ന് ലക്ഷങ്ങളുടെ അലുമിനിയം റാഡുകള്‍ മോഷണം പോയി. കഴിഞ്ഞ 23ന് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരിലേക്കും അന്വേഷണം നീങ്ങുന്നതായാണ് അറിയുന്നത്. പൊതുമേഖലയില്‍നിന്ന് ഇന്ത്യയിലാദ്യം ഓട്ടോ നിര്‍മിച്ചിരുന്ന കമ്പനിയാണിത്. ഗുണനിലവാരത്തില്‍ പിന്നോട്ടായതോടെ കടത്തില്‍ മുങ്ങി. ഇതിനിടെയാണ് ലക്ഷങ്ങളുടെ മോഷണം നടന്നെന്ന പരാതി പുറത്തുവരുന്നത്. ഗോഡൗണില്‍ വി.എസ്.എസ്.സി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പാര്‍ട്ട്സുകള്‍ നിര്‍മിക്കാനായി എത്തിച്ച രണ്ട് ലക്ഷം രൂപയുടെ അലുമിനിയം റാഡുകള്‍ ഗോഡൗണില്‍നിന്ന് കടത്തിയെന്നാണ് പരാതി. എന്നാല്‍, കൊള്ളയുടെ തോതുകുറക്കാന്‍ മാനേജ്മെന്‍റ് മന$പൂര്‍വമാണ് മോഷണം രണ്ടുലക്ഷമാക്കി ചുരുക്കിയതെന്നും 10 ലക്ഷത്തിലധികം രൂപയുടെ റാഡുകളാണ് കടത്തിയതെന്നുമാണ് ജീവനക്കാരില്‍ ചിലരുടെ പക്ഷം. ഗോഡൗണിന്‍െറ പൂട്ട് പൊളിക്കാത്തതും 24 മണിക്കൂറും കമ്പനിയില്‍ സുരക്ഷാ ജീവനക്കാര്‍ ഉള്ളതുമാണ് ജീവനക്കാരിലേക്ക് സംശയം ഉയരാന്‍ കാരണം. അഞ്ചോളം സുരക്ഷാ ജീവനക്കാരെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. അതേസമയം, കൊള്ളക്ക് ഒത്താശ ചെയ്യുന്ന അധികാരികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂനിയനുകള്‍ പ്രക്ഷോഭത്തിന്ന് ഒരുങ്ങുകയാണ്. കര്‍ശന സുരക്ഷയോടെയാണ് സെക്യൂരിറ്റിക്കാര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഓട്ടോ മൊബൈല്‍സിനുള്ളില്‍ കടത്തിവിടുന്നത്. കൂടുതല്‍ പരിശോധനയിലൂടെ പ്രതികള്‍ വലയിലാകുമെന്നാണ് പൊലീസ് ഭാഷ്യം. നെയ്യാറ്റിന്‍കര സി.ഐ സി. ജോണിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.