വൈദ്യുതാഘാതമേറ്റ യുവാവിന് അവഗണനയെന്ന്

പൂവാര്‍: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ യുവാവിനെ തിരിഞ്ഞുനോക്കാത്ത സ്ഥാപനയുടമക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ, യുവജന കമീഷനുകള്‍ ഉത്തരവിട്ടു. അരുമാനൂര്‍ തെക്കേവിളാകം വീട്ടില്‍ ഷിബുവാണ്(35)ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് അത്യാസന്നനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. സെപ്റ്റംബര്‍ പത്തിന് അമ്പലമുക്കിലെ മാര്‍ബിള്‍ ഷോറൂമില്‍വെച്ചാണ് സംഭവം. മാര്‍ബിള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രത്തിലേക്ക് അശ്രദ്ധമായി എടുത്തിരുന്ന കണക്ഷനില്‍ നിന്നാണ് ഷിബുവിന് വൈദ്യുതാഘാതമേറ്റതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ദൂരത്തേക്കു തെറിച്ചു വീണ് അബോധാവസ്ഥയിലായ ഷിബുവിനെ സ്ഥാപനത്തിലെ മറ്റു ജീവനക്കാരാണ് ആശുപത്രിയിലത്തെിച്ചത്. വീഴ്ചയില്‍ തലക്കും എല്ലുകള്‍ക്കും ഗുരുതര ക്ഷതമേറ്റതിനെ തുടര്‍ന്ന് ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അപകടം നടന്ന് 23 ദിവസമായിട്ടും ബോധം തിരിച്ചു കിട്ടിയിട്ടില്ല. പത്തുശതമാനം മാത്രമാണ് രക്ഷപ്പെടാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുകള്‍ പറയുന്നു. മൂന്നുവര്‍ഷമായി ഷിബു മാര്‍ബിള്‍ ഷോറൂമില്‍ ജോലി ചെയ്യുകയാണ്. ഷോറൂമിലെ അശ്രദ്ധമായ വയറിങ്ങാണ് വൈദ്യുതാഘാതമേല്‍ക്കാന്‍ കാരണമെന്നിരിക്കെ ഇതുവരെ കടയുടമ യുവാവിന്‍െറ കുടുംബത്തെ സഹായിക്കാന്‍ തയാറായിട്ടില്ല. കിടപ്പിലായ അച്ഛനും ഹൃദ്രോഗിയായ അമ്മക്കും സഹോദരനും ഏക ആശ്രയമായിരുന്നു ഷിബു. കടയുടമ കൈയൊഴിഞ്ഞ സാഹചര്യത്തില്‍ സംഭവത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, യുവജന കമീഷന്‍, ജില്ല ലേബര്‍ ഓഫിസര്‍ എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി. തുടന്നാണ് ഉത്തരവ്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.