തിരുവനന്തപുരം: പരിഹാസം, വാക്കേറ്റം, പോര്‍വിളി, കൈയാങ്കളി... തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന അവസാന കോര്‍പറേഷന്‍ കൗണ്‍സില്‍ പര്യവസാനിച്ചത് നാടകീയവും സംഘര്‍ഷഭരിതവുമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍. അരമണിക്കൂറോളം കൗണ്‍സില്‍ഹാളിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും ഏതാനും വനിതാകൗണ്‍സിലര്‍മാര്‍ക്ക് നിസ്സാര പരിക്കേറ്റു. മേയറുടെ ഇരിപ്പിടത്തിലേക്ക് ചാടിക്കയറിയെന്നാരോപിച്ച് യു.ഡി.എഫിലെ നന്തന്‍കോട് വാര്‍ഡ് കൗണ്‍സിലര്‍ ലീലാമ്മ ഐസക്കിനെ കൗണ്‍സില്‍ കാലാവധി അവസാനിക്കുന്നതുവരെ സസ്പെന്‍ഡ് ചെയ്തതായി മേയര്‍ കെ. ചന്ദ്രിക അറിയിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പരാതിനല്‍കി. വിവിധ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നത് സംബന്ധിച്ച് ക്ഷേമകാര്യ സ്ഥിരംസമിതി അവതരിപ്പിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ അര്‍ഹരായവരുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കണമെന്നതായിരുന്നു ക്ഷേമകാര്യ സ്ഥിരംസമിതിയുടെ ആവശ്യം. എന്നാല്‍, ക്ഷേമപെന്‍ഷനുകളുടെ വിതരണം മുടക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ പണം നല്‍കാത്തതു കൊണ്ടാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയതെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ചര്‍ച്ചക്കൊടുവില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പാളയം രാജന്‍ നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം മുഴക്കുന്നതിനിടെ അപ്രതീക്ഷിതമായി ലീലാമ്മ ഐസക് മേയറുടെ ഇരിപ്പിടത്തിലേക്ക് തള്ളിക്കയറി. ഇതിനിടെ എല്‍.ഡി.എഫിലെ വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ ടി.കെ. ശ്രീലേഖ ലീലാമ്മയെ തടയാന്‍ മുന്നോട്ടാഞ്ഞു. മേയറുടെ സമീപമത്തെുന്നതിനുമുമ്പ് ശ്രീലേഖ ലീലാമ്മയെ തടഞ്ഞു. എല്‍.ഡി.എഫ്,യു.ഡി.എഫ് കൗണ്‍സിലര്‍മാരും ഒപ്പം ചേരിതിരിഞ്ഞു. സംഘര്‍ഷത്തിനിടെ മേയറുടെ ഡയസില്‍നിന്ന് ഒരുകൗണ്‍സിലര്‍ താഴെ വീണു. ഇതിനിടെ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതായി പ്രഖ്യാപിച്ച് മേയര്‍ യോഗം പിരിച്ചുവിട്ടു. അതേസമയം, യു.ഡി.എഫ് അംഗങ്ങള്‍ മേയറുടെ ഡയസിലും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ താഴെ നിന്നും പരസ്പരം പോര്‍വിളി മുഴക്കി. യു.ഡി.എഫിലെ വനിതാകൗണ്‍സിലര്‍മാരെ മേയറുടെ ഇരിപ്പിടത്തില്‍നിന്ന് താഴെയിറക്കുന്നതിനിടെ വീണ്ടും സംഘര്‍ഷം മൂര്‍ച്ഛിച്ചു. എസ്റ്റേറ്റ് വാര്‍ഡ് കൗണ്‍സിലര്‍ ഒ. ബീന, നെടുങ്കാട് കൗണ്‍സിലറും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുമായ എസ്. പുഷ്പലത എന്നിവര്‍ക്ക് മര്‍ദനമേറ്റതായി പരാതിയുണ്ട്. ഏറെനേരത്തെ വാക്പോരിനും സംഘര്‍ഷത്തിനുമൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ശേഷം മേയര്‍ ഒളിച്ചോടിയെന്നാരോപിച്ച് പ്രതിപക്ഷകൗണ്‍സിലര്‍മാര്‍ ഇരിപ്പിടങ്ങളിലിരുന്ന് മേയറെ പരിഹസിച്ച് പാട്ടുപാടി. പിന്നീട് പ്രതീകാത്മക കൗണ്‍സില്‍ യോഗത്തിനുശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും മേയര്‍ക്ക് പരാതി നല്‍കി. യോഗ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനാണ് ലീലാമ്മയെ സസ്പെന്‍ഡ് ചെയ്തതെന്ന് മേയര്‍ പറഞ്ഞു. ഭരണപക്ഷത്തിന്‍െറ ഒളിച്ചോട്ടത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജോണ്‍സണ്‍ ജോസഫ് പറഞ്ഞു. സംഘര്‍ഷത്തിന്‍െറ പേരില്‍ ഒരംഗത്തെ സസ്പെന്‍ഡ് ചെയ്യുന്നത് ഈ കൗണ്‍സില്‍ കാലയളവിലെ ആദ്യസംഭവമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇരുപക്ഷത്തിനും വേണ്ട പ്രചാരണായുധം സമ്മാനിച്ചാണ് അവസാന കൗണ്‍സില്‍ അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.