വിളപ്പില്‍ശാല: ഒരു ദേശത്തിന്‍െറ പോരാട്ടവീര്യത്തിനുമുന്നില്‍ ഭരണകൂടം പോലും ഒടുവില്‍ അടിയറവ് പറഞ്ഞു. ചവര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ചെന്നൈ ഹരിത ട്രൈബ്യൂണല്‍ വിധിക്ക് പിന്നാലെ മധുരം വിളമ്പിയും വിജയാരവം മുഴക്കിയും വിളപ്പില്‍ശാല നിവാസികള്‍ ബുധനാഴ്ച ആഘോഷിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന വിധി അനുകൂലമായതില്‍ മനം നിറഞ്ഞാണ് ജനം ഒത്തുകൂടിയത്. വരും തലമുറക്ക് നാടിനെ കാത്തുവെക്കാന്‍ ഊണും ഉറക്കവും വെടിഞ്ഞ് തെരുവില്‍ കഴിഞ്ഞിരുന്ന നാളുകള്‍ക്ക് ഒടുവില്‍ ശുഭപര്യവസാനമായി. വിജയാഘോഷത്തില്‍ പങ്കെടുത്തവരില്‍ പലരും പരസ്പരം പുണര്‍ന്നും തങ്ങളുടെ സന്തോഷം പങ്കുവെക്കുന്നുണ്ടായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശോഭനകുമാരി, ജില്ലാ പഞ്ചായത്തംഗം എം.ആര്‍. ബൈജു, പഞ്ചായത്തംഗങ്ങളായ വള്ളിമംഗലം ചന്ദ്രന്‍, അസീസ്, ശോഭന എന്നിവര്‍ നടത്തിയ മരണം വരെ നിരാഹാരമെന്ന സമരമുറയാണ് വിളപ്പില്‍ശാല സമരത്തെ ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തിയത്. സ്ത്രീകളും കുട്ടികളും വൃദ്ധരും തെരുവില്‍ ചെറുത്തുനില്‍പ് സമരവുമായി അണിനിരന്നതോടെ ജില്ലാ ഭരണകൂടത്തിനും പിന്നീട് സംസ്ഥാന സര്‍ക്കാറിനുപോലും അവര്‍ക്കുമുന്നില്‍ മുട്ടുമടക്കേണ്ടിവന്നതാണു വിളപ്പില്‍ശാലയിലെ ചരിത്രം.ബുധനാഴ്ച രാവിലെ 11ഓടെ ഹരിത കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്നറിഞ്ഞതോടെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകളാണു വിളപ്പില്‍ശാല ക്ഷേത്രകവലയിലേക്ക് ഒഴുകിയത്. ലഡുവും പായസവും നല്‍കിയും പടക്കം പൊട്ടിച്ചും ജനം അങ്ങനെ ആവേശത്തിലായി. വൈകീട്ട് നാലോടെ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ എന്‍. ശക്തന്‍, ബി.ജെ.പി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, പേയാട് കാര്‍ത്തികേയന്‍ തുടങ്ങി നേതാക്കളുടെ ഒഴുക്കായിരുന്നു വിളപ്പില്‍ശാലയുടെ സമരഭൂമിയിലേക്ക്. സംയുക്ത സമരസമിതി ചെയര്‍പേഴ്സണും പഞ്ചായത്ത് പ്രസിഡന്‍റുമായ സുനിതകുമാരി, ജനറല്‍ കണ്‍വീനര്‍ സി.എസ് അനില്‍, രക്ഷാധികാരി എം.പി ശ്രീധരന്‍, വിനോദ്രാജ്, വള്ളിമംഗലം ചന്ദ്രന്‍, പി. ബിജു, വന്ദന വിജയന്‍, ശെന്തില്‍കുമാര്‍, നേമം ബ്ളോക് പ്രസിഡന്‍റ് അഡ്വ. എം. മണികണ്ഠന്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് എ. ബാബുകുമാര്‍, സംയുക്ത സമരസമിതി ശിവ കൈലാസ് തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.