കുടിവെള്ളക്ഷാമത്തിനെതിരെ മുന്‍കരുതല്‍ നടപടി വേണമെന്ന് ആവശ്യം

തിരുവനന്തപുരം: ഈമാസത്തെ ജില്ലാവികസനസമിതി യോഗം എ.ഡി.എം വി.ആര്‍. വിനോദിന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്നു. മാര്‍ച്ച് മാസത്തോടെ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വി.ശശി എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. പെരുമാതുറ-താഴംപള്ളി പാലത്തിനുസമീപം പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ശാര്‍ക്കര മഞ്ചാടിമൂട് പാലത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അയിലം, മുറിഞ്ഞപാലം പാലങ്ങളുടെ സ്ഥലമേറ്റെടുപ്പ് എസ്.എല്‍.ഇ.സി തീരുമാനം ലഭിക്കുന്ന മുറക്ക് ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ എം.എല്‍.എയെ അറിയിച്ചു. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കരുതല്‍ നടപടികളെടുക്കണം. കുടിവെള്ള പദ്ധതികളും പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിഴിഞ്ഞം തുറമുഖപാക്കേജുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് ജമീലാപ്രകാശം എം.എല്‍.എ ആവശ്യപ്പെട്ടു. വിഴിഞ്ഞം-പൂവാര്‍ മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വിഴിഞ്ഞം, കരുംകുളം വില്ളേജുകളില്‍ നിന്ന് പട്ടയത്തിന് ലഭ്യമായ പട്ടിക സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എം.എല്‍.എയെ അറിയിച്ചു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ പ്രീ-പെയ്ഡ് ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ നടപടി വേണമെന്ന് വര്‍ക്കല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി, പൊലീസ് അധികാരികളുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് എ.ഡി.എം അറിയിച്ചു. വിജയമോഹിനി മില്‍ ജങ്ഷനിലെ അപകടകരമായ കുഴി നികത്താന്‍ നടപടിവേണമെന്ന് വി. ശിവന്‍കുട്ടി എം.എല്‍.എയുടെ പ്രതിനിധി ശ്രീവത്സകുമാര്‍ ആവശ്യപ്പെട്ടു. പ്രശ്നം ഒരാഴ്ചക്കകം പരിഹരിക്കണമെന്ന് എ.ഡി.എം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാരേറ്റ്-കല്ലറ റോഡിന്‍െറ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി പി.ഡബ്ള്യൂ.ഡി ഉദ്യോഗസ്ഥര്‍ ഡോ. എ. സമ്പത്ത് എം.പിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈനെ അറിയിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ പി.ഡബ്ള്യു.ഡി അധികൃതര്‍ നടപടിയെടുക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എയുടെ പ്രതിനിധി എസ്. നാരായണപിള്ള ആവശ്യപ്പെട്ടു. കരമനയാറിലെ വെള്ളപ്പൊക്കം കാരണം ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി. സത്യന്‍ എം.എല്‍.എയുടെ പ്രതിനിധി എസ്.ആര്‍. രാജീവ്, അസി. കലക്ടര്‍ അഫ്സാന പര്‍വീണ്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടി.ഇ. ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.