സാധന വിലവര്‍ധന: സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

പാറശ്ശാല: അവശ്യസാധനങ്ങളുടെ വിലവര്‍ധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലേക്ക്. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവക്ക് കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് ഇരട്ടിയോളമാണ് വില വര്‍ധിച്ചത്. ഉച്ച ഭക്ഷണം നല്‍കുന്ന സ്കൂളിന് സര്‍ക്കാറില്‍നിന്ന് ദിവസവും ലഭിക്കുന്നത് അരികൂടാതെ 500 കുട്ടികള്‍ വരെ അഞ്ച് രൂപയും 500ന് മുകളില്‍ ആറുരൂപയുമാണ്. പയര്‍, പരിപ്പ്, പച്ചക്കറി എന്നിവയുടെ വില ഉയര്‍ന്നതോടെ ദിവസവും 800 രൂപ മുതല്‍ 1000 രൂപ വരെ അധികം കണ്ടത്തെിയാലേ ഭക്ഷണം നല്‍കാന്‍ സാധിക്കുകയുള്ളൂ. മൂന്നുമാസങ്ങള്‍ക്കു മുമ്പ് 90 രൂപയോളം വിലയുണ്ടായിരുന്ന പയറിന് ഇപ്പോഴത്തെ വില 236 രൂപയാണ്. 105 രൂപയായിരുന്ന പരിപ്പിന് 163 രൂപയായി വില കുതിച്ചതോടെ ഉച്ച ഭക്ഷണത്തില്‍നിന്ന് പയര്‍ തോരന്‍, സാമ്പാര്‍ എന്നിവ ഒഴിവാക്കേണ്ട സാഹചര്യമാണ്. എല്‍.പി ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 100 ഗ്രാം അരിയുടെ ചോറ്, ഒരിനം പച്ചക്കറികൊണ്ടുള്ള കറി, അച്ചാര്‍ എന്നിവയാണ് നല്‍കേണ്ടത്. പരിമിതമായ തുകയില്‍നിന്നാണ് പാചകക്കാര്‍ വിറക്, സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചെലവ് അടക്കമുള്ള തുക കണ്ടെത്തേണ്ടത്. വില വര്‍ധിച്ചതോടെ ഭൂരിഭാഗം സ്കൂളുകളിലും പി.ടി.എയുടെ സഹകരണത്തോടെയാണ് പരാതികളില്ലാത്ത ഭക്ഷണവിതരണം നടത്തുന്നത്. പി.ടി.എകള്‍ ശുഷ്കമായ സ്കൂളുകളില്‍ ദിവസവും മുടങ്ങാതെ ഭക്ഷണ വിതരണം നടത്താന്‍ ബന്ധപ്പെട്ട അധ്യാപകര്‍ നെട്ടോട്ടത്തിലാണ്. മാസംതോറും ഭക്ഷണത്തിനുതന്നെ വന്‍തുക കണ്ടെത്തേണ്ടിവരുന്നത് പി.ടി.എ കമ്മിറ്റികള്‍ക്ക് ബാധ്യതയായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ എത്രനാള്‍ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് അധ്യാപകരും പി.ടി.എയും. വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തുക വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചില്ളെങ്കില്‍ പദ്ധതി താളംതെറ്റുമെന്ന് അധ്യാപകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.