തിരുവനന്തപുരം: സാന്ത്വനചികിത്സയിലും പരിചരണത്തിലും പ്രതീക്ഷകള്‍ കാത്ത് ആയിരങ്ങള്‍ വേദനയോട് മല്ലടിക്കുമ്പോള്‍ സര്‍ക്കാര്‍ നടപടികളില്‍ കാരുണ്യം തീരെ ഇല്ളെന്ന പരാതിയാണ് ഉയരുന്നത്. ടിപ്സിയുടെ നേതൃത്വത്തില്‍ പാലിയേറ്റിവ് പ്രസ്ഥാനങ്ങള്‍ ശനിയാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ നിരവധി പരാതികളാണ് ഉയര്‍ന്നത്. പ്രഖ്യാപനങ്ങള്‍ നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നടപടികള്‍ കാര്യക്ഷമമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പാലിയേറ്റിവ് കെയര്‍ യൂനിറ്റുകള്‍ തുറക്കുമെന്ന പ്രഖ്യാപനം പലയിടത്തും നടപ്പായില്ല. മോണിറ്ററിങ് കമ്മിറ്റി രൂപവത്കരണവും പാഴ്വാക്കായി. തലസ്ഥാനത്ത് ഉള്‍പ്പെടെ പല നഗരസഭകളും ഇക്കാര്യത്തില്‍ പൂര്‍ണപരാജയമായതായി യോഗം വിലയിരുത്തി. കാന്‍സര്‍ബാധിതര്‍ ഉള്‍പ്പെടെ കിടപ്പുരോഗികളുടെ എണ്ണത്തില്‍ പ്രതിദിനം കാര്യമായ വര്‍ധനയുണ്ടായിട്ടും ആരോഗ്യവകുപ്പ് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. സജീവമായി രംഗത്തുള്ള പാലിയേറ്റിവ് യൂനിറ്റുകളാണ് ഇപ്പോള്‍ ഇവര്‍ക്ക് ഏക ആശ്രയം. സുമനസ്സുകളുടെ കാരുണ്യത്തില്‍ കൂടുതല്‍ ചികിത്സകള്‍ ഒരുക്കി വലിയ ആശ്വാസം ഇത്തരം സംഘടനകള്‍ രോഗികള്‍ക്ക് നല്‍കുന്നു. അതേസമയം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വീണ്ടും അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണ് ടിപ്സി. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ഇത്തരം രോഗികള്‍ക്കായി ഒ.പി യൂനിറ്റുകള്‍ ആരംഭിക്കുക, ബജറ്റില്‍ തുക വകയിരുത്തുക, മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കുക തുടങ്ങിയ കാര്യങ്ങളാണ് നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ വന്നതിനാല്‍ ഇവരുടെ നടപടിയിലാണ് ഇനി പ്രതീക്ഷയെന്ന് സംഘനകളും രോഗികളും പറയുന്നു. അതേസമയം, പാലിയേറ്റിവ് രംഗത്തെ പദ്ധതികള്‍ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ.വി.കെ. പ്രശാന്ത് മാധ്യമത്തോട് പറഞ്ഞു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.നാരായണന്‍, സംസ്ഥാന സെക്രട്ടറി ആര്‍.എസ് ശ്രീകുമാര്‍, ടിപ്സി സെക്രട്ടറി എം.ആര്‍. മനോജ്, പാലിയം ഇന്ത്യ വിനോദ്ഹരിദത്ത്, ഡോക്ടര്‍മാരായ ജോണ്‍സണ്‍, ഗീത, ഷീല എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.