സ്വകാര്യ എന്‍ജി. കോളജിലെ കക്കൂസ് മാലിന്യം ജനവാസമേഖലയില്‍

കിളിമാനൂര്‍: സ്വകാര്യ മാനേജ്മെന്‍റ് കോളജിലെ കക്കൂസ്, കുളിമുറി മാലിന്യങ്ങള്‍ ജനവാസമേഖലയില്‍ പൊട്ടിയൊലിച്ചിട്ടും നടപടിയില്ല. പ്രദേശവാസികള്‍ വിട്ടുപോകേണ്ട അവസ്ഥയാണ്. പഞ്ചായത്ത്, ആരോഗ്യവിഭാഗം എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക്പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. നഗരൂര്‍ നെടുമ്പറമ്പിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മാലിന്യപ്രശ്നങ്ങളെക്കുറിച്ചാണ് നിരവധി കുടുംബങ്ങള്‍ പരാതിയുമായി രംഗത്തത്തെിയത്. വീടുകള്‍ക്ക് സമീപത്തായാണ് കോളജിലെ കക്കൂസ് മാലിന്യങ്ങളുടെ നിക്ഷേപക്കുഴികള്‍ മാനേജ്മെന്‍റ് എടുത്തിരിക്കുന്നത്. ഇവ വേണ്ടവിധം സജ്ജീകരിക്കുകയോ ഇവിടങ്ങളിലെ കിണറുകളില്‍നിന്ന് വേണ്ടത്ര അകലം പാലിക്കുകയോ ചെയ്തിട്ടില്ല. കക്കൂസ് കുഴികളിലെ മലിനജലം കിണറുകളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇതോടെ കിണറുകളിലെ വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. നെടുമ്പറമ്പ് ഇറത്തി ജി.കെ. ഭവനില്‍ സുധര്‍മിണി, എം.എസ്. ഭവനില്‍ സുജാത (60) എന്നിവര്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കി. മാസങ്ങള്‍ക്കുമുമ്പ് സുധര്‍മിണിയുടെ മകന്‍ അജിത്തിന് (28) കിണറ്റിലെ വെള്ളംകുടിച്ച് മഞ്ഞപ്പിത്തബാധയുണ്ടായി. കക്കൂസ് കുഴികളും ഇവിടേക്കുള്ള പി.വി.സി പൈപ്പുകളും പൊട്ടിയൊലിച്ചുതുടങ്ങിയതോടെ സുജാതയുടെ മകള്‍ മാജിതയും കൈക്കുഞ്ഞുങ്ങളും ഭര്‍ത്താവുമായി ഇവിടെനിന്നും മാറി വാടകക്ക് താമസിക്കുകയാണ്. കോളജില്‍നിന്ന് പത്തില്‍പരം പി.വി.സി പൈപ്പുകളിലൂടെയാണ് ഇവരുടെ വീടുകളോട് ചേര്‍ന്ന് താല്‍ക്കാലികമായി നിര്‍മിച്ച കുഴികളിലേക്ക് മാലിന്യം എത്തുന്നത്. പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. വീടുകളില്‍ താമസിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്. അടുത്തിടെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചതെന്നും കിട്ടുന്ന വിലയ്ക്ക് ഭൂമിവിറ്റ് പോകണമെന്ന നിലപാടാണ് കോളജ് മാനേജ്മെന്‍റിനുള്ളതെന്നും സുധര്‍മിണിയും സുജാതയും പറയുന്നു. മെംബര്‍ക്ക് നല്‍കിയ പുതിയ പരാതിയെതുടര്‍ന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്‍റ്, വാര്‍ഡ് മെംബര്‍ എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.