തിരുവനന്തപുരം: സ്ഥിരംസമിതി (സ്റ്റാന്‍ഡിങ് കമ്മിറ്റി) അധ്യക്ഷസ്ഥാനം വീതംവെക്കല്‍ കോര്‍പറേഷനില്‍ ഭരണസമിതിക്ക് കീറാമുട്ടിയാകുന്നു. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി ഇതുസംബന്ധിച്ച ആവശ്യവുമായി ഭരണസമിതിയെ സമീപിച്ചിട്ടില്ല. സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ചോദിച്ചുവാങ്ങേണ്ടെന്നും മത്സരിച്ച് കിട്ടുന്നത് നേടാം എന്നുള്ള നിലപാടിലാണ് ബി.ജെ.പി. പദവികള്‍ ഏറ്റെടുത്താല്‍ ഭരണത്തില്‍ പങ്കാളിയായെന്ന പ്രചാരണമുണ്ടാകും. അതിനാല്‍ നിര്‍ണായക ശക്തിയാവുക എന്നതാണ് ബി.ജെ.പി തീരുമാനം. അതേസമയം, എല്ലാ സ്ഥിരം സമിതികളിലും ബി.ജെ.പി പ്രതിനിധികള്‍ അംഗങ്ങളാകും. അംഗബലമനുസരിച്ച് പരമാവധി മൂന്ന് അധ്യക്ഷപദവികള്‍ ലഭിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെങ്കിലും ചോദിച്ചുവാങ്ങേണ്ട എന്നാണ് തീരുമാനം. എന്തായാലും സംസ്ഥാന സമിതിയുടെ തീരുമാനശേഷമേ അവസാന നിലപാട് കൈക്കൊള്ളൂ. ബി.ജെ.പി നിലപാട് അറിഞ്ഞാലേ ഭരണത്തിലെ മുഖ്യകക്ഷിയായ സി.പി.എമ്മിന് കാര്യങ്ങള്‍ മുന്നോട്ട് നീക്കാനാവൂ. കോണ്‍ഗ്രസിന് ഒരു സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കാനേ സാധ്യതയുള്ളൂ. 100 അംഗങ്ങളുള്ള കൗണ്‍സിലില്‍ എട്ട് സ്ഥിരം സമിതികളാണുള്ളത്. ഇതില്‍ ധനകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം സി.പി.ഐ ഏറ്റെടുത്തു. ബാക്കി ഏഴെണ്ണമാണ് വീതം വെക്കേണ്ടത്. ബി.ജെ.പി പിന്മാറിയാല്‍ വീതംവെപ്പ് സി.പി.എമ്മിന് എളുപ്പമാകും. ഘടകകക്ഷികളെയുള്‍പ്പെടെ ഭരണത്തില്‍ പങ്കാളിയാക്കാന്‍ ഇതുവഴി കഴിയും. ആറ് അംഗങ്ങളുള്ള സി.പി.ഐ ഒരു സ്ഥിരംസമിതി അധ്യക്ഷസ്ഥാനംകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണ കാലയളവ് മുഴുവന്‍ ഡെപ്യൂട്ടി മേയര്‍ പദവി ഉറപ്പിച്ച സ്ഥിതിക്ക് ഇനിയൊരെണ്ണത്തിനുകൂടി സാധ്യതയുണ്ടാവില്ല. ഒരോ അംഗം വീതമുള്ള കോണ്‍ഗ്രസ് (എസ്), കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളെ പരിഗണിക്കും. രണ്ടു പാര്‍ട്ടികളുടെയും പ്രതിനിധികള്‍ മുന്‍ ഭരണസമിതികളില്‍ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ളവരാണ്. കോണ്‍ഗ്രസിന് ഒരു അധ്യക്ഷപദവി കൂടി നല്‍കിയാല്‍ ബാക്കി നാലെണ്ണമാണ് അവശേഷിക്കുന്നത്. ആരോഗ്യം, വികസനം, വിദ്യാഭ്യാസ - കായികം, നഗരാസൂത്രണം എന്നീ സ്ഥിരംസമിതികള്‍ ഇക്കുറി പുരുഷ സംവരണമാണ്. മറ്റുള്ളവ വനിതാ സംവരണവും. യു.ഡി.എഫില്‍നിന്ന് ഏക സ്ഥിരംസമിതി അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന അംഗം ജോണ്‍സണ്‍ ജോസഫിനെ പരിഗണിക്കാനാണ് സാധ്യത. വനിതാ സംവരണ സ്ഥിരംസമിതിയാണ് ലഭിക്കുന്നതെങ്കില്‍ ഘടകകക്ഷിയായ സി.എം.പി പ്രതിനിധി വി.ആര്‍. സിനിക്ക് നറുക്കുവീണേക്കും. എല്ലാ കൗണ്‍സിലര്‍മാരും ഏതെങ്കിലും ഒരു സ്ഥിരംസമിതിയില്‍ അംഗമാകണമെന്നാണ് ചട്ടം. അതായത് ഒരു സ്ഥിരംസമിതിയില്‍ 11 മുതല്‍ 13 വരെ അംഗങ്ങളുണ്ടാകും. 35 അംഗങ്ങളുള്ള ബി.ജെ.പി ചില സമിതികളില്‍ നാലും ചിലതില്‍ അഞ്ചും പേരെ ഉള്‍ക്കൊള്ളിക്കും. ഭൂരിപക്ഷ അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള അവസരം മറ്റ് കക്ഷികള്‍ക്ക് നല്‍കും. വോട്ടെടുപ്പിലും തീരുമാനം പാസാക്കുന്നതിലും നിര്‍ണായക ശക്തിയാകാനുള്ള പുറപ്പാടിലാണ് പാര്‍ട്ടി. വരുന്ന ചൊവ്വാഴ്ചയാണ് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി കോര്‍പറേഷനില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേയര്‍ വി.കെ. പ്രശാന്ത് നോട്ടീസ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.