വിഴിഞ്ഞത്ത് 108 ആംബുലന്‍സ് സേവനം ലഭിക്കുന്നില്ളെന്ന് പരാതി

വിഴിഞ്ഞം: വിഴിഞ്ഞം, പൂവാര്‍ മേഖലകളില്‍ 108 ആംബുലന്‍സ് സേവനം കിട്ടാതായിട്ട് ഒന്നരമാസം. 108 ആംബുലന്‍സിന്‍െറ അഭാവത്തില്‍ സ്വകാര്യ ആംബുലന്‍സ് ലോബി കൊള്ളലാഭം കൊയ്യുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്ര പരിധിയിലുണ്ടായിരുന്ന 108 ആംബുലന്‍സ് കഴിഞ്ഞമാസം ഏഴിന് അപകടത്തില്‍പ്പെട്ടു മറിഞ്ഞതോടെയാണ് ഏറ്റവും അത്യാവശ്യ സേവനം വേണ്ട വിഴിഞ്ഞം, പൂവാര്‍ മേഖലയില്‍ സേവനം ലഭിക്കാതായത്. അപകടത്തില്‍പെട്ട ആംബുലന്‍സ് ഇപ്പോഴും കൊച്ചുവേളിയിലെ വര്‍ക്ഷോപ്പില്‍ തന്നെയാണ്. പകരം ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യം ചില സ്വകാര്യ ആംബുലന്‍സുകാര്‍ മുതലെടുക്കുകയാണത്രെ. കോവളം, കഴക്കൂട്ടം ബൈപാസ് റോഡുള്‍പ്പെടെ അപകടസാധ്യതാ മേഖലകളുള്‍പ്പെട്ട വിഴിഞ്ഞം തീരദേശത്ത് 108 ആംബുലന്‍സ് അത്യാവശ്യമായിരുന്നു. പൂവാര്‍ മുതല്‍ തിരുവല്ലം വരെയുള്ള വലിയൊരു മേഖല ഈ ആംബുലന്‍സ് സേവനപരിധിയിലുണ്ടായിരുന്നു. ഇതിനോടകം നിരവധി സേവന സന്ദര്‍ഭങ്ങളുണ്ടായപ്പോഴൊക്കെ ആവശ്യക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ ലഭിക്കാതെ വലഞ്ഞു. ഇതിനിടക്കാണ് ചില സ്വകാര്യ ആംബുലന്‍സുകള്‍ കൊള്ളലാഭം കൊയ്യുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറില്ലാത്തതിനാല്‍ ഷെഡില്‍ വിശ്രമിക്കുകയാണ്. പകരം ഡ്രൈവറെ നിയമിക്കാന്‍ ബന്ധപ്പെട്ട ആധികൃതര്‍ ശ്രമിക്കുന്നില്ളെന്നും ആരോപണമുണ്ട്. ചില ആശുപത്രി ജീവനക്കാരും സ്വകാര്യ ആംബുലന്‍സ് ലോബികളുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും ആരോപണമുയരുന്നുണ്ട്. കഴിഞ്ഞമാസം ഏഴിന് രാത്രി വെള്ളാറിലുണ്ടായ അപകടസ്ഥലത്തേക്ക് പോകവെയാണ് 108 ആംബുലന്‍സ് ആഴാകുളത്ത് നിയന്ത്രണം തെറ്റി മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.