തിരുവനന്തപുരം: ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കോര്‍പറേഷന്‍ ഓഫിസിനെയും സോണല്‍ ഓഫിസുകളെയും ജനസൗഹൃദമാക്കുമെന്ന് മേയര്‍ വി.കെ. പ്രശാന്ത്. ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമം നടത്തും. കോര്‍പറേഷനിലെ ജീവനക്കാരുടെ വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. മേയറും ഡെപ്യൂട്ടിമേയറും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരും സോണല്‍ ഓഫിസുകളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കും. സേവനങ്ങള്‍ പരമാവധി ഓണ്‍ലൈന്‍വഴി ലഭ്യമാക്കും. ഇപ്പോള്‍ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് ഓണ്‍ലൈന്‍വഴി നല്‍കുന്നത്. ഇതിന് ടെക്നോപാര്‍ക്കിലെ യുവാക്കള്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍ പലയിടത്തും കത്താത്ത പ്രശ്നങ്ങളുണ്ട്. അത് കത്തിക്കാനുള്ള നടപടികളുണ്ടാകും. പാര്‍ക്കിങ് വിഷയത്തില്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി എടുത്ത നടപടി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പരിഷ്കരണം ആവശ്യമെങ്കില്‍ കൈക്കൊള്ളും. നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യപ്രശ്നം തന്നെയാണ്. അതിന് വികേന്ദ്രീകൃതവും കേന്ദ്രീകൃതവുമായ പദ്ധതികള്‍ ആലോചിക്കും. നഗരസഭയിലെ 100 വാര്‍ഡുകളെയും സമ്പൂര്‍ണ ശുചിത്വവാര്‍ഡുകളാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. നിലവില്‍ 50 വാര്‍ഡുകള്‍ കഴിഞ്ഞഭരണസമിതി സമ്പൂര്‍ണശുചിത്വവാര്‍ഡുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ പോരായ്മയുള്ളത് പരിഹരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുതലവന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഫ്ളാറ്റുകളിലും സ്ഥാപനങ്ങളിലും സ്വന്തമായി മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നുണ്ടെന്നത് ഉറപ്പുവരുത്തും. റസിഡന്‍സ് അസോസിയേഷനുകളുമായി സഹകരിച്ച് പ്ളാസ്റ്റിക് മാലിന്യപ്രശ്നവും പരിഹരിക്കും. ഫ്ളക്സ്ബോര്‍ഡുകള്‍ നീക്കം ചെയ്യും. തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് വന്ധ്യംകരണപദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ സര്‍ക്കാറുമായി ചേര്‍ന്ന് നടപടികളെടുക്കും. ഓപറേഷന്‍ അനന്തമൂലം ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനെക്കുറിച്ച് കലക്ടറുമായി സംസാരിച്ചിട്ടുണ്ട്. കുറഞ്ഞത് 20 ജങ്ഷനുകളെയെങ്കിലും തെരഞ്ഞെടുത്ത് വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. സൗന്ദര്യവത്കരണമടക്കം ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ഹോട്ടലുകളിലെ വിലനിലവാരം ഏകീകരിക്കുന്നതിനും വൃത്തിഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ സഹകരണത്തോടെ നടപടികളെടുക്കും. സര്‍ക്കാറുമായി എല്ലാരംഗങ്ങളിലും ക്രിയാത്മകമായ ബന്ധമായിരിക്കും നഗരസഭ കൈക്കൊള്ളുകയെന്നും മേയര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.