പരാജയം വിലയിരുത്താന്‍ കൂടിയ കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടയടി

പേയാട്: വിളപ്പില്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടയടി. സ്ത്രീകള്‍ യോഗത്തില്‍നിന്ന് ഇറങ്ങിയോടി. പുറ്റുമ്മേല്‍ക്കോണം എന്‍.എസ.്എസ് കരയോഗം ഹാളില്‍ നേമം ബ്ളോക് കമ്മിറ്റി വിളിച്ചുചേര്‍ത്ത ഭാരവാഹി യോഗമാണ് തമ്മിലടിയില്‍ കലാശിച്ചത്. ബ്ളോക് ട്രഷറര്‍ മലപ്പനംകോട് തങ്കച്ചനും മുന്‍ പഞ്ചായത്തംഗം സോദരനും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. കാരോട് വാര്‍ഡിലെ മുന്‍ പഞ്ചായത്തംഗമായിരുന്നു സോദരന്‍. ഈ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ മുന്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും ചെറുകോട് വാര്‍ഡംഗവുമായ ഓമനയെയാണ് പാര്‍ട്ടി ഒൗദ്യോഗിക സ്ഥാനാര്‍ഥിയാക്കിയത്. ഓമനയോട് സോദരന്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും പണം നല്‍കിയില്ളെങ്കില്‍ പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യോഗത്തില്‍ ആരോപണമുയര്‍ന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയോട് പണം ആവശ്യപ്പെട്ടത് നീതീകരിക്കാനാവില്ളെന്നും ഇയാള്‍ക്കെതിരെ നടപടി വേണമെന്നും തങ്കച്ചന്‍ തുറന്നടിച്ചു. ആരോപണം ഓമനയും ശരിവെച്ചതോടെ സോദരന്‍ ക്ഷുഭിതനായി തങ്കച്ചനെ മര്‍ദിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സംഘട്ടനവും അസഭ്യം വിളിയും രൂക്ഷമായതോടെ ഭയന്ന് വനിതാ നേതാക്കള്‍ ഹാളില്‍നിന്ന് ഇറങ്ങിയോടി. വിഷയം ജില്ലാ നേതൃത്വത്തിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്ന് പ്രഖ്യാപിച്ച് രാത്രി ഏറെ വൈകി യോഗം പിരിയുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയില്‍ പത്ത് സീറ്റുകളുമായി ഭരണം കൈയാളിയ കോണ്‍ഗ്രസ് ഇത്തവണ നാല് സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.