വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതിയോടനുബന്ധിച്ച അനുബന്ധ സൗകര്യമൊരുക്കല്‍ ഭാഗമായി പദ്ധതി പ്രദേശത്തേക്ക് തീരദേശ റോഡ് നിര്‍മാണം തുടങ്ങി. പനവിളക്കോട് ഭാഗത്തുനിന്നാണ് പാത നിര്‍മാണം തുടങ്ങിയിട്ടുള്ളത്. വലിയ കടപ്പുറം വരെ പാത നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി വരുകയാണ്. തുടര്‍ന്ന് മുല്ലൂര്‍ സൈറ്റ് ഓഫിസിലേക്കാണ് പാത നീളുക. പൂര്‍ണമായും കടല്‍ത്തീരം വഴി നീളുന്ന ഒരു കി. മീറ്റര്‍ റോഡ് തുറമുഖ സൈറ്റ് ഓഫിസിനുമുന്നിലെ തുറമുഖ കവാട റോഡുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് ഈ റോഡ് തലക്കോട് വരെ നീണ്ട് കഴക്കൂട്ടം കോവളം കാരോട് ബൈപാസില്‍ ബന്ധിപ്പിക്കുന്ന തരത്തിലാണ് പണിയുകയെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി പ്രദേശത്തേക്ക് നേരിട്ട് നിര്‍മാണ വസ്തുക്കളും മറ്റും എത്തിക്കുന്നതിനായാണ് തീരദേശം വഴിയുള്ള റോഡ് നിര്‍മാണം. അതിനിടെ തുറമുഖപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്‍െറ വേദിയൊരുക്കല്‍ ജോലികളും മുല്ലൂരിലെ പദ്ധതി കവാടത്തില്‍ തുടങ്ങി. പന്തല്‍, വേദി എന്നിവയടക്കം സജ്ജമാക്കുന്നതിനുള്ള തറയൊരുക്കം മുല്ലൂര്‍ കലുങ്കുജങ്ഷന്‍ മുതലാണ് തുടങ്ങിയിട്ടുള്ളത്. വേദി, പന്തല്‍, പാര്‍ക്കിങ് ഏരിയ എന്നിവക്കായി കലുങ്കു ജങ്ഷന്‍ മുതല്‍ പദ്ധതി കവാടം വരെ നീളുന്ന റോഡു വശത്തെ ഭൂമിയാണ് ഒരുക്കുന്നത്. എക്സ്കവേറ്റര്‍ ഉപയോഗിച്ച് ഭൂമി നിരപ്പാക്കുന്ന ജോലിയാണ് നടക്കുന്നത്. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി എന്നിവര്‍ മുഖ്യാതിഥികളാകുന്ന ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാനത്തെ പ്രധാന പദ്ധതിയെന്ന നിലക്ക് മുഴുവന്‍ മന്ത്രിമാരുള്‍പ്പെടെ എല്ലാ എം.എല്‍.എമാരെയും പങ്കെടുപ്പിക്കാനാണ് തീരുമാനം. വൈകീട്ട് നാലിന് നിശ്ചയിച്ചിട്ടുള്ള ചടങ്ങില്‍ പുലിമുട്ടിന്‍െറ കല്ലിടല്‍ നടത്തിയാവും ഉദ്ഘാടനമെന്നാണറിവ്. പതിനായിരത്തോളം ആള്‍ക്കാരെയാണ് ഉദ്ഘാടനച്ചടങ്ങില്‍ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. കരാറേറ്റെടുത്ത അദാനി ഗ്രൂപ്പിന്‍െറ നേതൃത്വത്തിലാണ് വേദിയൊരുക്കം ഉള്‍പ്പെടെയുള്ള നിര്‍മാണ ഉദ്ഘാടനച്ചടങ്ങുകള്‍ സജ്ജമാക്കുകയെന്ന് വിസില്‍ അധികൃതര്‍ പറഞ്ഞു. നിര്‍മാണത്തിനായുള്ള യന്ത്രസാമഗ്രികളടങ്ങുന്ന ശേഷിച്ച ബാര്‍ജുകള്‍ കൊല്ലം തുറമുഖത്തുനിന്ന് രണ്ടു ദിവസങ്ങള്‍ക്കകം എത്തും. വിഴിഞ്ഞം പുതിയ വാര്‍ഫിനു പകരം മുല്ലൂരിലെ പദ്ധതി പ്രദേശത്തേക്കാവും ഇവ നേരിട്ട് എത്തുക. ബിബി 4, മള്‍ട്ടി യൂട്ടിലിറ്റി കാരിയര്‍, ഫ്ളോട്ടിങ് പൈപ്പ് ലൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ബാര്‍ജുകളാണ് എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.