പള്ളിച്ചലില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടേക്കും

നേമം: ഏറ്റവും വലിയ ഒറ്റകക്ഷിയായ യു.ഡി.എഫിന് ഭരണം ലഭിക്കുമെന്ന സ്ഥിതിയുണ്ടായിരുന്ന പള്ളിച്ചല്‍, മലയിന്‍കീഴ് പഞ്ചായത്തുകള്‍ ഒടുവില്‍ ഇടത്തേക്ക്. കോണ്‍ഗ്രസ് പുറത്താക്കിയവരുടെയും സ്വതന്ത്രരുടെയും പിന്‍ബലത്തില്‍ പള്ളിച്ചല്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കരസ്ഥമാക്കിയേക്കും. മലയിന്‍കീഴില്‍ രണ്ട് ദള്‍ അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദവിക്കായി മുറവിളി കൂട്ടുന്നതും യു.ഡി.എഫിന് വെല്ലുവിളിയായിട്ടുണ്ട്. പള്ളിച്ചല്‍ പഞ്ചായത്താണ് യു.ഡി.എഫിന് ഏറെ കീറാമുട്ടിയായിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ. രാകേഷിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തെങ്കിലും സ്വതന്ത്രനായി മത്സരിച്ച് ജയിച്ചിരുന്നു. ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിന്‍െറ പേരില്‍ കഴിഞ്ഞദിവസം നരുവാമൂടില്‍നിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദുവിനെയും സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതോടെ 10 അംഗ യു.ഡി.എഫിന് ഒരാള്‍ കുറഞ്ഞു. എല്‍.ഡി.എഫ് -7, ബി.ജെ.പി, സ്വത. -2 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ കെ. രാകേഷിനൊപ്പമാണ് ബിന്ദു. മറ്റൊരു സ്വതന്ത്രനായ 20ാം വാര്‍ഡിലെ മുന്‍ കോണ്‍ഗ്രസുകാരനായ രമേഷ് ബാബുവിനെയും കൂടിക്കൂട്ടിയാല്‍ എല്‍.ഡി.എഫിന് അംഗബലം 10 ആകും. യു.ഡി.എഫിനുള്ളില്‍ പ്രസിഡന്‍റ് പദവിക്കായി മല്ലിക വിജയന്‍, വി. ബിന്ദു, മല്ലികദാസ് എന്നീ മൂന്ന് വനിതകളാണ് പോരുമായി രംഗത്തുള്ളത്. വൈസ് പ്രസിഡന്‍റായി പള്ളിച്ചല്‍ സതീഷിനെതിരെ മറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തത്തെിയത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും മൂന്നു പേര്‍ രംഗത്തുണ്ട്. വിക്രമന്‍, അമ്പിളി, ബിന്ദു എന്നിവരാണ് ഇവര്‍. പാര്‍ട്ടി വിപ്പ് നേടിയാലും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് എതിരാളിയെ തറപറ്റിക്കാനാണ് നീക്കം. ഇതോടെ പള്ളിച്ചലില്‍ യു.ഡി.എഫ് ഭരണം അസ്തമിച്ച മട്ടാണ്. മലയിന്‍കീഴില്‍ യു.ഡി.എഫ് -10, എല്‍.ഡി.എഫ് -8, ബി.ജെ.പി -2 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫിലെ രണ്ടു പേര്‍ ദള്‍ ആണ്. ദള്‍ പ്രതിനിധി ചന്ദ്രന്‍നായരെ പ്രസിഡന്‍റാക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം ഇടത് പാളയത്തിലേക്ക് ചേക്കേറാന്‍ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ മലയിന്‍കീഴിലും യു.ഡി.എഫ് സ്ഥിതി പരുങ്ങലിലാണ്. കല്ലിയൂരില്‍ ആകെ 21 അംഗങ്ങളില്‍ 10 പേര്‍ ബി.ജെ.പിക്കുണ്ട്. ഇവിടെയും രണ്ട് സ്വതന്ത്രരുണ്ട്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജയലക്ഷ്മിക്കാണ് മുന്‍തൂക്കം. പിന്നിലായി രാജലക്ഷ്മിയുമുണ്ട്. എല്‍.ഡി.എഫ് -5, യു.ഡി.എഫ് -4 എന്നിങ്ങനെയാണ് കക്ഷിനില. വിളപ്പിലില്‍ ഇത്തവണ 10 അംഗബലമുള്ള എല്‍.ഡി.എഫ് ഭരണം നടത്തും. ആദ്യം എ. അസീസിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും ഇപ്പോള്‍ വിജയരാജിനെയാണ് പാര്‍ട്ടി അംഗീകരിച്ചിട്ടുള്ളത്.17 അംഗ വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ നറുക്കല്ലാതെ വഴിയില്ല. യു.ഡി.എഫ്, ബി.ജെ.പി കക്ഷികള്‍ക്ക് ആറു വീതമാണ് സീറ്റ്. എല്‍.ഡി.എഫിന് അഞ്ചും. അദ്ഭുതം കാത്തിരിക്കുകയാണ് വിളവൂര്‍ക്കല്‍ സ്വദേശികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.