മേയര്‍ സ്ഥാനാര്‍ഥി : കൗണ്‍സിലര്‍മാരില്‍നിന്ന് ബി.ജെ.പി അഭിപ്രായം തേടുന്നു

തിരുവനന്തപുരം: കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ തുടരുന്നു. ജില്ലാ കോര്‍കമ്മിറ്റി ചേര്‍ന്നെങ്കിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനം കൈക്കൊണ്ടില്ല. ഇതിന്‍െറ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ 35 കൗണ്‍സിലര്‍മാരില്‍നിന്ന് പൊതുഅഭിപ്രായം ആരായാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കി. മേയര്‍ തെരഞ്ഞെടുപ്പില്‍ 43 അംഗങ്ങളുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മേയറാകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സീനിയര്‍ നേതാക്കളെ മേയര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ട എന്ന നിലപാടാണ് ജില്ലാ നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ 35 പേരില്‍നിന്ന് ഒരാളെ അതിലേക്ക് തെരഞ്ഞെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. പൊതുഅഭിപ്രായം ആരായാനുള്ള നടപടികള്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ഇത് തിങ്കളാഴ്ചയും തുടരും. അതില്‍നിന്ന് വൈകാതെ തന്നെ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും ജില്ലാ നേതൃത്വം അറിയിച്ചു. യു.ഡി.എഫിന്‍െറ കാര്യത്തിലും തീരുമാനമായില്ല. കഴക്കൂട്ടം വാര്‍ഡില്‍നിന്ന് വിജയിച്ച അഡ്വ. വി.കെ. പ്രശാന്ത് ആണ് എല്‍.ഡി.എഫിന്‍െറ മേയര്‍ സ്ഥാനാര്‍ഥി. ഇതിനിടെ എസ്റ്റേറ്റ് വാര്‍ഡില്‍നിന്ന് ഒരു വോട്ടിന് തോറ്റ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. അഭിലാഷും വഞ്ചിയൂര്‍ വാര്‍ഡില്‍നിന്ന് മൂന്ന് വോട്ടിന് തോറ്റ പി. അശോക്കുമാറും തെരഞ്ഞെടുപ്പ് കമീഷനെയും കോടതിയെയും സമീപിക്കാന്‍ തീരുമാനിച്ചു. കള്ളവോട്ടും ക്രമക്കേടും ആരോപിച്ചാണ് ഇവര്‍ കോടതിയെ സമീപിക്കുന്നത്. ഒരു വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് എസ്റ്റേറ്റ് വാര്‍ഡില്‍നിന്ന് സി.പി.എം സ്ഥാനാര്‍ഥി എ. വിജയന്‍ വിജയിച്ചത്. ടെന്‍ഡര്‍വോട്ടായിരുന്നു വിജയനെ തുണച്ചത്. അതേ സമയം ടെന്‍ഡര്‍വോട്ടായി മാറ്റിവെച്ചിരുന്നതില്‍ നാലെണ്ണം ഉണ്ടായിരുന്നെന്നും അതില്‍ മൂന്നെണ്ണം ബി.ജെ.പിയുടെ വോട്ടുകളാണെന്നുമാണ് ബി.ജെ.പിയുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.