ഉദ്ഘാടനവേദിയുടെ നിര്‍മാണം തുടങ്ങി

വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതി വേദിയുടെ നിര്‍മാണം തുടങ്ങി. പതിനായിരക്കണക്കിനാളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. വേദി, പന്തല്‍, പാര്‍ക്കിങ് ഏരിയ എന്നിവക്കായി കലുങ്ക് ജങ്ഷന്‍ മുതല്‍ പദ്ധതി കവാടം വരെ നീളുന്ന റോഡിനുവശത്തെ ഭൂമി എസ്കവേറ്റര്‍ ഉപയോഗിച്ച് നിരപ്പാക്കുന്ന പണികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ മുഖ്യാതിഥികളാകുന്ന ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരുള്‍പ്പെടെ എല്ലാ എം.എല്‍.എമാരെയും പങ്കെടുപ്പിക്കാനാണ് അദാനിയുടെ തീരുമാനമെന്ന് സൂചനയുണ്ട്. ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാലിന് നിശ്ചയിച്ചിട്ടുള്ള ചടങ്ങില്‍ പുലിമുട്ടിന്‍െറ കല്ലിടല്‍ നടത്തിയാവും പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം. അദാനി ഗ്രൂപ്പിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്ഘാടനവേദിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. നിര്‍മാണത്തിനായുള്ള യന്ത്രസാമഗ്രികളടങ്ങുന്ന ബാര്‍ജുകള്‍ അനുമതി ലഭിക്കാനുള്ള കാലതാമസം കൊണ്ടാണ് കൊല്ലം തുറമുഖത്തു നിന്ന് തിരിക്കാന്‍ താമസിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ യന്ത്രസാമഗ്രികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യന്ത്രങ്ങള്‍ എത്തുന്നതോടെ ആദ്യം പദ്ധതിപ്രദേശത്തേക്കുള്ള റോഡിന്‍ന്‍െറ നിര്‍മാണം പുനരാരംഭിക്കും. കരിമ്പള്ളിക്കരയിലേക്ക് നീളുന്ന ഏതാണ്ട് രണ്ടു കിലോമീറ്റര്‍ റോഡാണ് പണിയുക. മൂന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വളഞ്ഞ മാതൃകയിലുള്ള പുലിമുട്ട്്(ബ്രേക്ക്വാട്ടര്‍)ആണ് തുറമുഖത്തിന്‍െറ പ്രധാന നിര്‍മിതി. കല്ലുകള്‍ നിരത്തുന്നതുകൂടാതെ ടെട്രാപോഡിനു പകരം അക്രോപോഡ് എന്ന നൂതനനിര്‍മിതിയാവും തിരമാലകളെ ചെറുക്കാന്‍ പുലിമുട്ടുനിര്‍മാണത്തില്‍ ഉപയോഗിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.