മഴയില്‍ തണുത്ത പോളിങ്

തിരുവനന്തപുരം: തുടക്കത്തില്‍ പെയ്ത മഴയില്‍ തലസ്ഥാന ജില്ലയിലെ പോളിങ് ശതമാനം തണുത്ത് താഴ്ന്നു. കഴിഞ്ഞ തവണത്തെക്കാള്‍ ഇക്കുറി നേരിയ കുറവ്.  2010ല്‍ 69.91 ആയിരുന്നു പോളിങ്ങെങ്കില്‍ ഇത്തവണയത് 69  ശതമാനത്തില്‍ തട്ടിനിന്നു. അതേ സമയം ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്.  വര്‍ക്കല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ വട്ടം 72 ശതമാനമായിരുന്നത് ഇക്കുറി 72.49 ആയി ഉയര്‍ന്നു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയില്‍ 2010ലെ 74.28 ല്‍നിന്ന് 77.77 ശതമാനത്തിലേക്കായിരുന്നു പോളിങ് വര്‍ധന. ആറ്റിങ്ങലില്‍ ഇത്തവണ പോള്‍ ചെയ്തത് 74.28 ശതമാനമായിരുന്നു. കഴിഞ്ഞ തവണയിത് 72.29 ആയിരുന്നു. നെയ്യാറ്റിന്‍കരയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 74.22ല്‍ നിന്ന് 76.5 ശതമാനത്തിലേക്കാണ് പോളിങ് ഉയര്‍ന്നിട്ടുള്ളത്.  
തിരുവനന്തപുരം കോര്‍പറേഷനില്‍ 60 ശതമാനവും പഞ്ചായത്തുകളില്‍ 72 ശതമാനവും മുനിസിപ്പാലിറ്റികളില്‍  75 ശതമാനവുമാണ് പോളിങ്  നില.  2005ല്‍ 56.45 ആയിരുന്നു ജില്ലയിലെ പോളിങ് ശതമാനം.
 കനത്ത മഴയോടെയാണ് ഇക്കുറി പോളിങ് ദിനം ആരംഭിച്ചത്. ഉച്ചയോടെ വെയില്‍ തെളിഞ്ഞതോടെ രംഗംമാറുകയായിരുന്നു.  
പോളിങ് ബൂത്തുകളില്‍ ഉച്ചയോടെ സമ്മതിദായകരെക്കൊണ്ട് നിറഞ്ഞു. എല്ലായിടങ്ങളിലും നീണ്ട നിര പ്രകടമായി. കടകളിലും സമീപത്തെ വീടുകളിലുമെല്ലാം നനയാതെ നിന്ന പ്രവര്‍ത്തകരും അനുയായികളും  ആകാശം തെളിഞ്ഞതോടെ ഒൗട്ടര്‍ ബൂത്തുകളില്‍ സജീവമായി. വൈകീട്ട് മൂന്നിനു ശേഷം കനത്ത പോളിങ്ങായിരുന്നു. അതേ സമയം പോളിങ് ശതമാനത്തിലുണ്ടായ വര്‍ധന സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു പോലെ പ്രത്യാശയും ആശങ്കയും പകരുന്നുണ്ട്. 
മഴ മൂലം തുടക്കത്തിലുണ്ടായ മന്ദത മാറ്റി നിര്‍ത്തിയാല്‍ മലയോര മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും പോളിങ് പൊതുവെ ആവേശകരമായിരുന്നു. പടിഞ്ഞാറന്‍ മേഖലയെ അപേക്ഷിച്ച്  മലയോരമേഖലയിലാണ് മഴയെ അവഗണിച്ചുള്ള ആവേശം പ്രകടമായത്. കോരിച്ചൊഴിയുന്ന മഴയെ അവഗണിച്ചും കുറ്റിച്ചലിലെയും കാട്ടാക്കടയിലെയും ഗ്രാമീണ മേഖലകളിലെ പോളിങ് ബൂത്തുകളില്‍ രാവിലെ നിരവധി പേര്‍ എത്തിയിരുന്നു. ഉച്ചയോടെ ഇവിടങ്ങളില്‍ 50 ശതമാനത്തിനുമേല്‍  വോട്ട് രേഖപ്പെടുത്തി. മലയിന്‍കീഴ് കൃഷ്ണപുരം ഒന്നാം ബൂത്തില്‍ രാവിലെ 10ന് 33 ശതമാനമായിരുന്നു പോളിങ്. രാവിലെ എട്ടു വരെ 6.4 ശതമാനം മാത്രമായിരുന്നു ഇവിടെ പോളിങ്. കാട്ടാക്കട കാവില്‍പുറത്ത് രാവിലെ 11ന്  27 ശതമാനമായിരുന്നു പോളിങ്. തീരമേഖലയെ തുടക്കത്തില്‍ മഴ കാര്യമായി ബാധിച്ചു. വര്‍ക്കല മേഖലയില്‍ രാവിലെ 10 വരെ 20 ശതമാനത്തില്‍ താഴെയായിരുന്നു പോളിങ്. 
ഉച്ചക്ക് 2.30ന് ശേഷവും പോളിങ് ശരാശരി 40-45 ശതമാനത്തില്‍ തട്ടി നില്‍ക്കുകയായിരുന്നു. വൈകീട്ടാണ് ഇവിടങ്ങളില്‍ നില മെച്ചപ്പെട്ടത്.
 കല്ലമ്പലം മേഖലയില്‍ ഉച്ചവരെ ശരാശരി 30 ശതമാനമായിരുന്നു പോളിങ്.  പൂന്തുറ, ബീമാപള്ളി മേഖലകളില്‍ പല ബൂത്തുകളിലും വൈകീട്ട് അഞ്ചിനു ശേഷവും ടോക്കണ്‍ നല്‍കി സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കി. പൂന്തുറയില്‍ വൈകീട്ട് അഞ്ചിനും നീണ്ട നിരയാണ് പ്രകടമായത്.  ജില്ലയില്‍ എട്ടിടങ്ങളില്‍ പോളിങ് മെഷീനുകള്‍  ഏതാനും മിനിറ്റുകള്‍ പണിമുടക്കി. 
വെഞ്ഞാറമൂട് മേഖലയിലാല്‍ അഞ്ചിടത്താണ് തകരാറിലായത്. എല്ലായിടങ്ങളിലും വേഗത്തില്‍ തകരാറ് പരിഹരിച്ച് നടപടികള്‍ സുഗമമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.