മഴയില്‍ നാശനഷ്ടം പെരുകുന്നു

തിരുവനന്തപുരം: ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക നാശനഷ്ടം പത്തോളം വീടുകള്‍ പൂര്‍ണമായും 60ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. മിക്കയിടത്തും കൃഷിനാശവും ഉണ്ടായി.  കനത്ത മഴയില്‍ തകര്‍ന്ന വെട്ടിമുറിച്ചകോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 
വലിയതുറയില്‍ വീടിന്‍െറ മേല്‍ക്കൂര തകര്‍ന്ന് ഒരു കുട്ടിക്ക് പരിക്കേറ്റു. മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കന്യാകുമാരി ഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷചുഴിയാണ് മഴക്ക് കാരണം. തിങ്കളാഴ്ച ഉച്ചക്കുശേഷവും ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചു.നെയ്യാര്‍ഡാം ഷട്ടറുകള്‍ തുറന്നുവിട്ടതിനാല്‍ ആറ് കരകവിഞ്ഞൊഴുകിയതും വീടുകളില്‍ വെള്ളം കയറാന്‍ കാരണമായി. നെയ്യാറ്റിന്‍കരയില്‍ 12 വീടുകള്‍ ഭാഗികമായി തകര്‍ന്നു. വിഴിഞ്ഞം കരുംകുളം ഭാഗത്ത് വീടുകളിലും വെള്ളായണി പാടശേഖരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളം കയറി.
 മണക്കാട് വില്ളേജിലുള്‍പ്പെട്ട കാലടി ഭാഗത്ത് വെള്ളം കയറിയതിനെതുടര്‍ന്ന് ദുരിതാശ്വാസക്യാമ്പ് തുറന്നു. കാലടി 113ാം നമ്പര്‍ അങ്കണവാടിയിലാണ് ദുരിതാശ്വാസക്യാമ്പ്. 
തിരുവല്ലത്ത് സ്നേഹ റസിഡന്‍റ്സ്പരിധിയില്‍ 30 ഓളം വീടുകള്‍ വെള്ളത്തിലായി. വട്ടിയൂര്‍ക്കാവില്‍ ആറ് വീടുകള്‍ തകര്‍ന്നതായി പൊലീസ് അറിയിച്ചു. നെട്ടയം ആശ്രമം റോഡിലും മരുതംകുഴിയിലുമാണ് വീടുകള്‍ തകര്‍ന്നത്. മരുതംകുഴിയിലെ ബണ്ടിന്‍െറ പുനര്‍നിര്‍മാണം ശരിയായില്ളെന്നും ഇവിടെ ചോര്‍ച്ചയുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രശ്നബാധിത സ്ഥലങ്ങള്‍ അധികൃതര്‍ സന്ദര്‍ശിച്ചുവരുകയാണ്. പൂജപ്പുര, തമ്പാനൂര്‍, കിഴക്കേകോട്ട, അമ്പലത്തറ, ചാക്ക, കരിക്കകം, ഇടയാര്‍, പാച്ചല്ലൂര്‍, കാലടി, മേലാങ്കോട്, ഇടഗ്രാമം തുടങ്ങിയയിടങ്ങളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, വെള്ളക്കെട്ട് മൂലം നഗരത്തിലെ റോഡുകള്‍ തകര്‍ന്ന് കുണ്ടുംകുഴിയുമായി. കിഴക്കേകോട്ട , പഴവങ്ങാടി, മണക്കാട്, പവര്‍ ഹൗസിന് സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ റോഡില്‍ ചളി നിറഞ്ഞ് ഗതാഗതം ദുസ്സഹമായി. വലിയതുറ, ശംഖുംമുഖം, വേളി തുടങ്ങിയയിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടങ്ങളിലുള്ളവര്‍ 
ബന്ധുവീടുകളില്‍ അഭയം തേടി. കാഞ്ഞിരംകുളത്തും വീടുകളില്‍ വെള്ളം കയറി. ചിറയിന്‍കീഴില്‍ പന്ത്രണ്ടോളം വീടുകള്‍ വെള്ളത്തിലാണ്. കാട്ടാക്കടയില്‍ വിളപ്പില്‍, പെരുംകുളം ഭാഗങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുന്നതായി എ.ഡി.എം വി.ആര്‍. വിനോദ് അറിയിച്ചു. 
അതേ സമയം, റവന്യൂ ഉദ്യോഗസ്ഥര്‍പലരും തെരഞ്ഞെടുപ്പ് ചുമതലയിലായതിനാല്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.