ആദ്യ കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു

തിരുവനന്തപുരം: കോര്‍പറേഷനില്‍ അധികാരമേറ്റ പുതിയ ഭരണസമിതിയുടെ ആദ്യ കൗണ്‍സില്‍യോഗം സി.പി.എം വാഴോട്ടുകോണം കൗണ്‍സിലര്‍ മൂന്നാംമൂട് വിക്രമന്‍െറ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. സഹ കൗണ്‍സിലര്‍മാര്‍ വിക്രമനെ അനുസ്മരിച്ചു. തിങ്കളാഴ്ച ചര്‍ച്ച ചെയ്യേണ്ടിയിരുന്ന അജണ്ടകള്‍ 31ന് രാവിലെ 11ന് ചേരുന്ന യോഗത്തിലേക്ക് മാറ്റി. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് യോഗത്തില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംശുദ്ധ പൊതുപ്രവര്‍ത്തകന്‍െറ ആള്‍രൂപമായിരുന്നു വിക്രമനെന്ന് മേയര്‍ പറഞ്ഞു. വാര്‍ഡിനുവേണ്ടി അദ്ദേഹം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ നടപ്പാക്കാന്‍ നഗരസഭക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, അഡ്വ. ഗിരികുമാര്‍, എം.ആര്‍. ഗോപന്‍ (ബി.ജെ.പി), ജോണ്‍സണ്‍ ജോസഫ് (കോണ്‍ഗ്രസ്), എസ്. പുഷ്പലത, കെ. ശ്രീകുമാര്‍ (സി.പി.എം), സോളമന്‍ വെട്ടുകാട് (സി.പി.ഐ), ബീമാപള്ളി റഷീദ് (മുസ്ലിം ലീഗ്), പാളയം രാജന്‍ (കോണ്‍. എസ്), ആര്‍. സതീഷ് കുമാര്‍ (കേരള കോണ്‍ഗ്രസ്), വി.ആര്‍. സിനി (സി.എം.പി) എന്നിവര്‍ അനുസ്മരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് വിക്രമന്‍ മരിച്ചത്. 1995-2000ല്‍ വെള്ളൈക്കടവ് ഗ്രാമപഞ്ചായത്തംഗവും 2000-2005ല്‍ ബ്ളോക് പഞ്ചായത്തംഗവുമായിരുന്നു. സി.പി.എം വാഴോട്ടുകോണം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ലാ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീനിലകളിലും പ്രവര്‍ത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.