മെഡിക്കല്‍ കോളജില്‍ ഇനി പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശം അനുവദിക്കൂ. പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വിസ് നടത്തുക. ഇതുവഴി അമിതനിരക്ക് ഈടാക്കുന്നെന്ന പരാതി ഒഴിവാക്കാനാകും. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും പുതിയ സംവിധാനം ഏറെ ആശ്വാസമാകും. മെഡിക്കല്‍ കോളജ്, എസ്.എ.ടി, ആര്‍.സി.സി, ശ്രീചിത്രാ മെഡിക്കല്‍ സെന്‍റര്‍, ഡെന്‍റല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഒറ്റ യൂനിറ്റായി ആംബുലന്‍സ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഒരേ സമയം അഞ്ച് ആംബുലന്‍സുകള്‍ കൗണ്ടറില്‍ ഉണ്ടാകും. കൗണ്ടറിലേക്കുള്ള ജീവനക്കാരെ എച്ച്.ഡി.എസ് വഴി നിയമിക്കും. ഇവര്‍ക്ക് ശമ്പളം നല്‍കാനായി ആംബുലന്‍സ് ഉടമകളില്‍നിന്ന് നിശ്ചിത തുക ഈടാക്കും. എല്ലാ മാസവും യോഗം ചേര്‍ന്ന് കൗണ്ടറിന്‍െറ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്യും. ആംബുലന്‍സിനോടൊപ്പമുള്ള അനുബന്ധ സേവനങ്ങളായ മൊബൈല്‍ മോര്‍ച്ചറിയുള്‍പ്പെടെയുള്ളവക്ക് നിരക്ക് ഏകീകരിക്കുന്ന കാര്യം രണ്ടാംഘട്ടത്തില്‍ തീരുമാനിക്കും. യോഗത്തില്‍ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഡോ. വി.കെ. ദേവ കുമാര്‍, ഡോ. പ്രശാന്തില, ഡോ. എസ്.കെ. ജവഹര്‍, ഡോ. രാമദാസ്, ആംബുലന്‍സ് ഉടമ പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.