കോവളത്ത് വന്യതയില്‍ അലിയാം; നിശ്ശബ്ദ താഴ്വര ഒരുങ്ങുന്നു

കോവളം: സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വേകാന്‍ ഹവ്വാ ബീച്ചിനു സമീപം നിശ്ശബ്ദ താഴ്വര ഒരുങ്ങുന്നു. കാടിന്‍െറ സൗന്ദര്യം, നിശ്ശബ്ദത, കുന്നിന്‍ ചരിവ്, പുരാതന ജലാശയം, തീരത്തേക്കു നീളുന്ന കല്‍പ്പടവുകള്‍ തുടങ്ങി കടല്‍ത്തീരത്തിനു സമീപം സജ്ജമാക്കുന്ന നിശ്ശബ്ദ താഴ്വരയുടെ പാതി രൂപകല്‍പന പ്രകൃതിയെ ചുറ്റിപ്പറ്റിയാണ്. സ്ഥലത്ത് വിശ്രമകേന്ദ്രം, പാര്‍ക്ക് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കോവളം ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസിനു പിന്നിലായാണ് താഴ്വര ഒരുങ്ങുന്നത്. കൂടുതലായി സൂര്യപ്രകാശം കടന്നത്തൊത്ത താഴ്വാരവും കുന്നിന്‍ചരിവും നിറഞ്ഞ പ്രദേശമാണ് പദ്ധതിക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. നാലുവശത്തുനിന്നും താഴേക്കു ചരിവുള്ള ഇവിടെ മധ്യത്തില്‍ പുരാതന കുളവും കുളിക്കടവുമുണ്ട്. മയിലുകളുള്‍പ്പെടെ വിവിധ പക്ഷികളും മറ്റു ജീവികളും താഴ്വരയുടെ ഭംഗി കൂട്ടുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി ഇവിടത്തെ കുളം നവീകരിക്കും. താഴ്വരയുടെ ഒരു വശം തുറക്കുന്നത് നേരെ ഹവ്വാ ബീച്ചിലേക്കാണ്. ഇവിടേക്ക് പുതിയ കല്‍പ്പടവുകള്‍ പണിതിട്ടുണ്ട്. ഹവ്വാ ബീച്ചിന്‍െറ ഈ ഭാഗം പാറക്കൂട്ടങ്ങള്‍ അതിരിട്ട് ഒഴിഞ്ഞ കോണുപോലാണ്. സൂര്യസ്നാനവും കടല്‍ക്കുളിയും കഴിഞ്ഞ് തിരികെ എത്തുന്ന സഞ്ചാരികള്‍ക്ക് ശുദ്ധജല സ്നാനത്തിന് താഴ്വരയിലെ പാര്‍ക്കിലെ വിശ്രമ കേന്ദ്രത്തില്‍ സൗകര്യമൊരുക്കും. വി.വി.ഐ.പികള്‍ തങ്ങാനത്തെുന്ന ഇടമായ സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്‍െറ സാമീപ്യവും സുരക്ഷയും മറ്റും കണക്കിലെടുത്ത് വിദേശ സഞ്ചാരികള്‍ക്കും കുടുംബസമേതം എത്തുന്ന തദ്ദേശീയര്‍ക്കുമാവും പ്രവേശത്തിനു മുന്‍ഗണനയെന്ന് ടൂറിസം വകുപ്പധികാരികള്‍ പറഞ്ഞു. സൂര്യാസ്തമയ വീക്ഷണത്തിനുള്‍പ്പെടെ പാര്‍ക്കില്‍ പ്രത്യേക ഇരിപ്പിടങ്ങള്‍ സജ്ജമാക്കും. പുല്‍ത്തകിടി, ഉദ്യാനം, വര്‍ണ വിളക്കുകള്‍, ചെറു കഫറ്റേരിയ, സ്നാക്സ് ബാര്‍ എന്നിവയും നിര്‍മിക്കും. കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് കേന്ദ്ര ടൂറിസം വകുപ്പില്‍നിന്ന് കോവളം വികസന പദ്ധതികള്‍ക്ക് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.