ബി.എസ്.എന്‍.എല്‍ നെറ്റ് ഇഴയുന്നു; വട്ടം കറങ്ങി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഗ്രാമീണമേഖലയില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഒച്ചിഴയും വേഗത്തില്‍. സ്കീം വ്യത്യാസമില്ലാതെ ഉപഭോക്താക്കള്‍ വലയുന്നു. മാസത്തില്‍ ആദ്യ ഒരാഴ്ച സാമാന്യം ഭേദപ്പെട്ട വേഗംലഭിക്കുമെങ്കിലും പിന്നീട് കാര്യങ്ങള്‍ പഴയപടിയാകും. പല വെബ്സൈറ്റുകള്‍ പ്രത്യക്ഷപ്പെടാന്‍തന്നെ ഏറെ കാത്തിരിക്കണം. സാമൂഹികമാധ്യമ സൈറ്റുകള്‍ പോലും ഏറെനേരം കഴിഞ്ഞാണ് ലോഡാവുക. ഗ്രാമീണമേഖലയിലെ മിക്ക എക്സ്ചേഞ്ചുകളിലും പരാതി ഏറുകയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കടക്കം ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് ഈ ദുര്‍ഗതി. ഗ്രാമീണമേഖലയില്‍ എക്സ്ചേഞ്ചുകളില്‍ നിന്ന് നിശ്ചിത ദൂരപരിധിയിലെ സ്ഥലങ്ങളിലുള്ള ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളാണ് ഏറെ വലയുന്നത്. എക്സ്ചേഞ്ചില്‍ നിന്ന് നാലുകിലോമീറ്റര്‍ ദൂരപരിധിക്കുപുറത്തുള്ള സ്ഥലങ്ങളിലാണ് വേഗം വര്‍ധിക്കാത്തതെന്നാണ് പരാതി. കേബിളുകളുടെ ക്ഷമതയില്ലായ്മയും സാങ്കേതികതകരാറുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോപ്പര്‍ ലൈനുകളാണ് ബി.എസ്.എന്‍.എല്‍ സാധാരണസേവനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നത്. 24 എം.ബി വേഗംവരെ ഇതുവഴി നല്‍കാനാകുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്കൂളുകളില്‍ സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഓണ്‍ലൈന്‍ പാഠപുസ്തകങ്ങളും യാഥാര്‍ഥ്യമായിട്ടുണ്ടെങ്കിലും ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിന് ഇന്‍റര്‍നെറ്റ് വേഗക്കുറവ് തടസ്സമാവുകയാണ്. ഭൂരിപക്ഷം സ്കൂളുകളും ബി.എസ്.എന്‍.എല്ലിനെയാണ് ആശ്രയിക്കുന്നത്. പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കുപുറമേ വിദ്യാര്‍ഥികളുടെ വിവരങ്ങളും സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകളും മുതല്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നിലവില്‍ ഓണ്‍ലൈണ്‍ സംവിധാനത്തിലാണ്. ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് വേഗം ഒക്ടോബര്‍ ഒന്നു മുതല്‍ സെക്കന്‍ഡില്‍ 2 എം.ബി ആയി ഉയര്‍ത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും മാസത്തില്‍ ആദ്യത്തെ ഒരു ജി.ബി ഉപയോഗം വരെയേ ആനൂകുല്യം കിട്ടൂ. ആ മാസത്തെ ശേഷിക്കുന്ന ഉപയോഗം നേരത്തേയുണ്ടായിരുന്ന സെക്കന്‍ഡില്‍ 512 കെ.ബി എന്ന വേഗത്തിലേക്ക് മാറും. വീടുകളില്‍ വൈ-ഫൈ മോഡം വഴി രണ്ടോ മൂന്നോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തുച്ഛമായ ദിവസം കൊണ്ട് ഒരു ജി.ബി എന്ന വേഗപരിധി കടക്കും. ഫലത്തില്‍ പുതിയ പ്രഖ്യാപനം ഉപഭോക്താക്കള്‍ക്ക് കാര്യമായ ഗുണമൊന്നുമുണ്ടാക്കിയില്ല. നിര്‍ണിത ഉപയോഗപരിധി പിന്നിടുന്നഘട്ടത്തില്‍ പ്രത്യേകസന്ദേശവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. വേഗം നിലനിര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് 100 രൂപ മുതലുള്ള പ്രത്യേക പാക്കേജുകളാണ് സന്ദേശത്തിലുള്ളത്. ഈ തുക അതത് മാസത്തെ ബില്ലില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. 2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനും ഇടയില്‍ 1.78 കോടി മൊബൈല്‍ വരിക്കാരെയാണ് ബി.എസ്.എന്‍.എല്ലിന് നഷ്ടമായത്. 20 ലക്ഷം ലാന്‍ഡ് ലൈന്‍ ഉപയോക്താക്കളും ഇക്കാലയളവില്‍ വിടപറഞ്ഞു. 7,600 കോടി രൂപയാണ് നിലവിലെ നഷ്ടം. നിലവില്‍ ബി.എസ്.എന്‍.എല്‍ ലഭ്യമാക്കുന്ന ഏറ്റവും താഴ്ന്ന വേഗതാരിഫാണ് സെക്കന്‍ഡില്‍ 512 കെ.ബി. അതേസമയം രാജ്യത്ത് ടെലികോം മേഖല നിയന്ത്രിക്കുന്ന ഏജന്‍സിയായ ട്രായ് ബ്രോഡ്ബാന്‍ഡ് സ്പീഡിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്നാണ് അറിയുന്നത്. ഇതോടെ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍െറ കാര്യക്ഷമത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.