അച്ചടിവകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കണം –വി.എസ്

തിരുവനന്തപുരം: അച്ചടിവകുപ്പിലെ സാങ്കേതികവിഭാഗം ജീവനക്കാരുടെ സംഘടനകളുമായി മുഖ്യമന്ത്രിയും മന്ത്രി കെ.പി. മോഹനനുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കേരള ഗവ. പ്രസസ് ട്രേഡ് യൂനിയന്‍ കോഓഡിനേഷന്‍ കൗണ്‍സില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചല്ല ജീവനക്കാര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. മറിച്ച് ചര്‍ച്ചയില്‍ അംഗീകരിച്ച കാര്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും മനസ്സുവെച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഗവ. പ്രസസ് സബോര്‍ഡിനേറ്റ് സര്‍വിസ് സ്പെഷല്‍ റൂള്‍ നടപ്പാക്കുക, മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റങ്ങള്‍ അനുവദിക്കുക, സര്‍ക്കാര്‍ പ്രസുകളില്‍ സര്‍വിസ് ചട്ടങ്ങളും ഫാക്ടറീസ് ആക്ടും ഒരുപോലെ ബാധകമാക്കുക, പാഠപുസ്തക അച്ചടിയുടെ 50 ശതമാനം സര്‍ക്കാര്‍ പ്രസുകളില്‍ നിര്‍വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എം.എല്‍.എമാരായ വി. ശിവന്‍കുട്ടി, സി. ദിവാകരന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ്, കോഓഡിനേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ടി. മോഹനന്‍, ജനറല്‍ കണ്‍വീനര്‍ എ. ഷാജഹാന്‍, രാധാകൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍ പിള്ള, പുഞ്ചക്കരി രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.