അനധികൃത ഇഷ്ടികച്ചൂളകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

ആറ്റിങ്ങല്‍: പാരിസ്ഥിതിക പ്രശ്നമുയര്‍ത്തിയ കൈപ്പറ്റിമുക്കിലെ അനധികൃത ഇഷ്ടികച്ചൂളകളുടെ പ്രവര്‍ത്തനം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു. മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കൈപ്പറ്റിമുക്ക് കോട്ടറകടവിന് സമീപത്താണ് അനധികൃതമായി ഇഷ്ടികച്ചൂളകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വാമനപുരം നദീതീരത്തും സജീവമായി കൃഷിയിറക്കുന്ന ഇടത്തിമണ്‍ ഏലായിലും നിന്നാണ് ചൂളയിലേക്ക് മണ്ണെടുത്തിരുന്നത്. നദീതടത്തില്‍നിന്ന് വന്‍തോതില്‍ കളിമണ്‍ ഖനനം നടത്തിയിരുന്നു. ദൂരവ്യാപക പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന രീതിയിലായിരുന്നു ഖനനം. ഇടത്തിമണ്‍ ഏലായിലെ കളിമണ്‍ ഖനനം കാരണം ഏലായിലെ മറ്റ് വയലുകള്‍ കൃഷിയോഗ്യമല്ലാതെയായി. പ്രദേശത്ത് ജലക്ഷാമം രൂക്ഷമായതിനാല്‍ കൃഷിയിടങ്ങള്‍ വരളുകയും കിണറുകളില്‍ ജലലഭ്യത കുറയുകയും ചെയ്തു. ഒരു തരത്തിലുള്ള അനുമതിയും കൂടാതെയാണ് ഖനനം നടന്നിരുന്നത്. സ്വന്തമായ സ്ഥലത്താണ് മണ്ണെടുപ്പും ചൂള പ്രവര്‍ത്തനവുമെങ്കിലും തുടര്‍ന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടമെന്‍റിന് കീഴിലെ വസ്തുവും കൈയേറി മണ്ണെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയത്. തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ളേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ റവന്യൂ, ഇറിഗേഷന്‍, ജലഅതോറിറ്റി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ജിയോളജി, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഒരു സ്ഥാപനത്തിന്‍െറയും അനുമതി കൂടാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടത്തെി. നൂറോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതും മലിനമായ ചുറ്റുപാടിലായിരുന്നു. വില്ളേജ് ഓഫിസര്‍ സജു ആര്‍.എസ് സ്ഥലത്തത്തെി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.