കേരളോത്സവം: ഫുട്ബാള്‍ മത്സരത്തിലെ  സംഘര്‍ഷം ബോംബേറില്‍ കലാശിച്ചു

വെഞ്ഞാറമൂട്: ബ്ളോക് കേരളോത്സവത്തിലെ ഫുട്ബാള്‍ മത്സരത്തിലുണ്ടായ സംഘര്‍ഷം ബോംബേറില്‍ കലാശിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പിരപ്പന്‍കോട് സമന്വയ നഗര്‍ സ്വദേശികളായ ഷിനു(30), സജീവ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബുധനാഴ്ച രാത്രി 8.30 മണിയോടെയാണ് നെല്ലനാട് പഞ്ചായത്തില്‍നിന്നത്തെിയ സംഘം സമന്വയ നഗറില്‍ ബോംബേറ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പറയുന്നു.  കേരളോത്സവത്തിന്‍െറ ഭാഗമായ ഫുട്ബാള്‍ മത്സരം പിരപ്പന്‍കോട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നിരുന്നു. മാണിക്കല്‍ പഞ്ചായത്തിലെ സമന്വയ നഗര്‍ കേന്ദ്രീകരിച്ചുള്ള ടീമും നെല്ലനാട് പഞ്ചായത്തിലെ മണലിമുക്ക് കേന്ദ്രീകരിച്ചുള്ള ടീമും തമ്മിലായിരുന്നു ഫൈനല്‍.  ഷൂട്ടൗട്ടിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.  നേതാക്കള്‍ ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെങ്കിലും രാത്രിയോടെ പത്തോളം ബൈക്കുകളിലത്തെിയ മുപ്പതോളം പേര്‍ സ്ഥലത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം റോഡില്‍ നിന്നവരെ മര്‍ദിക്കുകയായിരുന്നു. സമന്വയ നഗറിലുള്ളവര്‍ പ്രതിരോധിച്ചതോടെ ബൈക്കുകള്‍ ഉപേക്ഷിച്ച് അക്രമികള്‍ രക്ഷപ്പെട്ടു.  ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.