തിരുവനന്തപുരം: 14ാമത് ജില്ലാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം നോര്‍ത്തിന് കിരീടം. തിങ്കളാഴ്ച്ച ട്രാക്കിലും പിറ്റിലും നടന്ന വാശിയേറിയ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിന്‍കരയെ അഞ്ച് പോയന്‍റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് കപ്പിനും ചുണ്ടിനുമിടയില്‍ കഴിഞ്ഞവര്‍ഷം നഷ്ടപ്പെട്ട കിരീടം നോര്‍ത് തിരിച്ചുപിടിച്ചത്. 10 വീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ 117 പോയന്‍റുമായാണ് നോര്‍ത് കിരീടം സ്വന്തമാക്കിയത്. അതേസമയം ഏഴ് സ്വര്‍ണവും 14 വെള്ളിയും 16 വെങ്കലവും നേടി 112 പോയന്‍റുമായി നെയ്യാറ്റിന്‍കര ഉപജില്ല റണ്ണറപ്പായി. ഏഴ് വര്‍ഷത്തോളം കാത്തുസൂക്ഷിച്ച ഓവറോള്‍ ചാമ്പ്യന്‍ഷിപ് കഴിഞ്ഞ തവണയാണ് നോര്‍ത്തില്‍നിന്ന് നെയ്യാറ്റിന്‍കര കൈക്കലാക്കിയത്. ഇത്തവണയും നെയ്യാറ്റിന്‍കരയും നോര്‍ത്തും തമ്മില്‍ ആദ്യദിവസം മുതല്‍തന്നെ കിരീടത്തിനായി പോരാട്ടത്തിലായിരുന്നു. രണ്ടാം ദിനത്തില്‍ സീനിയര്‍ വിഭാഗം റിലേ മത്സരത്തില്‍ നേടിയ മുന്‍തൂക്കമാണ് നോര്‍ത്തിനെ മുന്നിലത്തെിച്ചത്. മൂന്നാം സ്ഥാനത്തുള്ള കണിയാപുരത്തിന് 42 പോയന്‍റാണുള്ളത്. മികച്ച കായിക സ്കൂളിനുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക് നീങ്ങിയതോടെ 33 പോയന്‍റുമായി എം.വി.എച്ച്.എസ്.എസ് അരുമാനൂര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. 30 പോയന്‍േറാടെ പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംകുളമാണ് രണ്ടാം സ്ഥാനത്ത്. തിങ്കളാഴ്ച രാവിലെ നടന്ന ആണ്‍കുട്ടികളുടെ ക്രോസ്കണ്‍ട്രിയിലും ജൂനിയര്‍ വിഭാഗം ട്രിപ്പിള്‍ ജംപിലും സ്വര്‍ണം നേടിയതാണ് മുഖ്യ എതിരാളിയായ പി.കെ.എച്ച്.എസ്.എസിനെ പിന്തള്ളാന്‍ അരുമാനൂരിനെ സഹായിച്ചത്. അതേസമയം, സബ് ജൂനിയര്‍ അണ്‍കുട്ടികളില്‍ ജി.വി രാജയിലെ നിവന്‍ ജോണ്‍സണ്‍ വ്യക്തിഗത ചാമ്പ്യനായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സായിയിലെ അഞ്ജന എം.എസും ശില്‍പ കെ.എസും ചാമ്പ്യന്‍പട്ടം പങ്കിട്ടു. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ എസ്. പ്രഥിന്‍ (ജി.വി രാജ) 11 പോയന്‍േറാടെ ചാമ്പ്യനായപ്പോള്‍ മൂന്ന് സ്വര്‍ണമടക്കം 15 പോയന്‍റുമായി ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ സായിയിലെ മിന്നു പി. റോയി വ്യക്തിഗത പട്ടം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 പോയന്‍റുമായി പി.എസ്. സനീഷും (ജി.വി.രാജ) അബിന്‍ സാജനും (സായി) വ്യക്തിഗത കിരീടം പങ്കിട്ടു. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും നേടി ജി.വി രാജയിലെ ലക്ഷ്മി പി. നായര്‍ ചാമ്പ്യനായി. തിങ്കളാഴ്ച്ച വൈകീട്ട് നടന്ന സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. നഗരസഭാ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. എ. ഷൈലജാ ബീഗം മുഖ്യപ്രഭാഷണം നടത്തി. വിജയികള്‍ക്ക് വി.കെ. മധു പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബി. വിക്രമന്‍ സ്വാഗതവും കെ. മണികണ്ഠന്‍ നായര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.