ലക്ഷങ്ങളുടെ വിദേശ കറന്‍സിയും വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

നെയ്യാറ്റിന്‍കര: വിദേശ കറന്‍സികളടക്കം 15 ലക്ഷത്തോളം രൂപയും 17 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. അമരവിള കലയിരിക്കുംവിളാകം പുത്തന്‍വീട്ടില്‍ ചെല്ലക്കുട്ടനെയാണ് (56) നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അമരവിളയിലെ വ്യാപാര സ്ഥാപനത്തിന്‍െറ മറവില്‍ കുഴല്‍പണമിടപാടും മദ്യം വില്‍പനയും നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 5,24,000 രൂപയോളം മൂല്യം വരുന്ന യു.എസ് ഡോളര്‍, 94000 രൂപയുടെ യൂറോ, 69840 രൂപയുടെ ഒമാന്‍ റിയാല്‍, 346000 രൂപയുടെ സൗദി റിയാല്‍ എന്നിവയും 380000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമാണ് പിടിച്ചെടുത്തത്. നിരവധി പ്രമാണങ്ങളും പ്രോമിസറി നോട്ടുകളും കണ്ടെടുത്തു. ദിവസങ്ങളോളം പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ചെല്ലക്കുട്ടനെ പിടികൂടിയത്. അമരവിള ഗണപതി ക്ഷേത്രത്തിന് സമീപം ഇയാള്‍ നടത്തുന്ന തയ്യല്‍ മെഷീനുകള്‍ വില്‍ക്കുന്ന കടയിലും വീട്ടിലുമായാണ് കറന്‍സികള്‍ സൂക്ഷിച്ചിരുന്നത്. ചെല്ലക്കുട്ടന്‍ ലക്ഷങ്ങളുടെ ഹവാല പണമിടപാട് നടത്തിയിരുന്നയായി പൊലീസ് സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെല്ലക്കുട്ടന്‍െറ കടയില്‍ സ്ഥലവാസികളല്ലാത്ത ധാരാളം പേര്‍ പതിവായി വന്നുപോകാറുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് അറസ്റ്റ്. 2500 രൂപ വിലവരുന്ന വിദേശമദ്യം 4500 രൂപക്കാണ് വില്‍പന നടത്തിയിരുന്നതത്രെ. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. സുരേഷ്കുമാര്‍, സി.ഐ സി. ജോണ്‍, എസ്.ഐമാരായ പി. ശ്രീകുമാരന്‍ നായര്‍,എസ്. സനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.