‘റണ്‍ ഫോര്‍ ഫ്രീഡ’ത്തിന് ഒരുക്കങ്ങളായി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍െറ ചിറകിലേറി കൗമാരം കുതിക്കാന്‍ ഇനി രണ്ടുനാള്‍ മാത്രം. കുട്ടികളില്‍ സ്വാതന്ത്ര്യത്തിന്‍െറ സന്ദേശമുണര്‍ത്താന്‍ ലക്ഷ്യമിട്ട് ‘മാധ്യമം’ ദിനപത്രവും ടീന്‍ ഇന്ത്യയും ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ജില്ലകളിലും ‘റണ്‍ ഫോര്‍ ഫ്രീഡം’ മിനി മാരത്തണ്‍ സംഘടിപ്പിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത 200 പേര്‍ക്ക് വീതമാണ് പങ്കെടുക്കാന്‍ അവസരം. രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് അവസാനിച്ചു. എസ്.എം.എസ്, ഓണ്‍ലൈന്‍ വഴിയായിരുന്നു രജിസ്ട്രേഷന്‍. തെരഞ്ഞെടുക്കപ്പെട്ടവരെ ഫോണില്‍ അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനന തീയതി, പഠിക്കുന്ന ക്ളാസ് എന്നിവ തെളിയിക്കുന്ന പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. കൊല്ലം നഗരത്തിലും തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത്തുമാണ് പരിപാടി. ശനിയാഴ്ച രാവിലെ 7.30ന് ആരംഭിക്കും. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും കഴക്കൂട്ടത്ത് എ. സമ്പത്ത് എം.പിയും ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനവും നല്‍കും. ഉദ്ഘാടന, സമാപന പരിപാടികളില്‍ പ്രമുഖര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.