പള്ളിച്ചലിലും മാറനല്ലൂരും തസ്കരവിളയാട്ടം

ബാലരാമപുരം: പള്ളിച്ചലിലും മാറനല്ലൂരും വീടുകളില്‍ മോഷണ ശ്രമവും മോഷണവും . ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. പള്ളിച്ചലില്‍ ധനലക്ഷ്മി ഓഡിറ്റോറിയത്തിനു സമീപത്തെ നാലുവീടുകളിലായിരുന്നു മോഷ്ടാക്കളുടെ അതിക്രമം. കലമ്പാട്ടുവിള സജിഭവനില്‍ സജികുമാറിന്‍െറ ഭാര്യ സുനിതയുടെ ആറുപവന്‍െറ മാല പിടിച്ചുപറിച്ചു. മാറനല്ലൂരില്‍ മൂലകോണം ആലംപറ്റ കൃപാലയത്തില്‍ അജിത് കുമാറിന്‍െറ വീട്ടിലാണ് മോഷണം നടന്നത്. എട്ടുപവനും 4000രൂപയും കവര്‍ന്നു. കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല, ബ്രേസ്ലെറ്റ്, വളകള്‍, അലമാരയിലുണ്ടായിരുന്ന കമ്മലുകള്‍ എന്നിവ നഷ്ടപ്പെട്ടു. അയല്‍വാസി അരുണിന്‍െറയും സമീപത്തെയും വീടുകളില്‍ മോഷണശ്രമം നടന്നു. പള്ളിച്ചലില്‍ സജികുമാറിന്‍െറ വീടിനു സമീപത്തെ സദാശിവന്‍െറ വീട്ടിലെ പിന്‍വാതില്‍ പൊളിച്ചു അകത്തുകടക്കാന്‍ ശ്രമം നടത്തിയെങ്കിലും മറ്റ് വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. അയല്‍വാസിയായ സുരേഷ് കുമാറിന്‍െറ വീട്ടിലും പിന്‍വാതില്‍ പൂട്ട് തകര്‍ത്ത് അകത്തുകടന്നെങ്കിലും മോഷണം നടത്തിയിട്ടില്ല. സമീപത്തെ സന്തോഷ് കുമാറിന്‍െറ വീട്ടിലും മോഷണശ്രമം നടന്നു. അടുത്തടുത്ത വീടുകളിലെ തസ്കരവിളയാട്ടം പ്രദേശവാസികളെ ഞെട്ടിച്ചു. എല്ലാ വീടിന്‍െറയും പിന്‍വാതില്‍ പൊളിച്ചാണ് മോഷണശ്രമം നടത്തിയിട്ടുള്ളത്. സുനിതയുടെ മാല പൊട്ടിച്ച വിവരമറിഞ്ഞ് സമീപത്തെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണം മറ്റ് വീട്ടുകാരുമറിയുന്നത്. മാറനല്ലൂരിലും ഒരേ സമയം മോഷണം നടന്നതിനാല്‍ ഒരേ സംഘമല്ല സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നെയ്യാറ്റിന്‍കര സി.ഐ സി. ജോണ്‍, നരുവാംമൂട് എസ്.ഐ എന്‍. മദുസൂധനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈയുറയും മറ്റും ധരിച്ചാണ് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.