വക്കം ഗ്രാമപഞ്ചായത്തില്‍ യു.ഐ.ടി സെന്‍റര്‍ ആരംഭിക്കുന്നു

ആറ്റിങ്ങല്‍: വക്കം ഗ്രാമപഞ്ചായത്തില്‍ ആരംഭിക്കുന്ന പ്രഫഷനല്‍ കോളജില്‍ അഡ്മിഷന്‍ നടപടികള്‍ തുടങ്ങി. കേരള സര്‍വകലാശാല യു.ഐ.ടിക്ക് കീഴിലാണ് കോളജ് ആരംഭിക്കുന്നത്. വക്കം ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് മുസ്ലിം എല്‍.പി.എസ് കെട്ടിടമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച സ്കൂള്‍ കെട്ടിടം ഉപയോഗപ്പെടുത്തി ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് ദീര്‍ഘകാലമായി പ്രദേശവാസികളും പ്രാദേശിക ഭരണകൂടവും ആവശ്യപ്പെട്ടുവരികയായിരുന്നു. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടങ്ങള്‍കൂടി കണക്കിലെടുത്ത് ഗവ.ഐ.ടി.ഐ അനുവദിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്താണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. എന്നാല്‍ ഭരണമാറ്റത്തിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനാല്‍ പദ്ധതി യാഥാര്‍ഥ്യമായില്ല. അഡ്വ.ബി. സത്യന്‍ എം.എല്‍.എ ഈ സ്കൂള്‍ കെട്ടിടങ്ങള്‍ ഉപയോഗപ്പെടുത്തി പ്രഫഷനല്‍ കോളജ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിനെയും കേരള സര്‍വകലാശാലയേയും സമീപിച്ചിരുന്നു. തുടര്‍ന്നാണ് കേരള സര്‍വകലാശാല യു.ഐ.റ്റി സെന്‍റര്‍ അനുവദിച്ചത്. ബി.സി.എ, ബി.കോം(കോമേഴ്സ് വിത്ത് കപ്യൂട്ടര്‍ ആപ്ളിക്കേഷന്‍) എന്നീ കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ കോളജിലുണ്ടാവുക. അപേക്ഷാഫോറം വക്കം പഞ്ചായത്ത് ഓഫിസിലും കൊല്ലം യു.ഐ.റ്റി കോളജിലും ലഭിക്കും. അഡ്മിഷന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ കേരള സര്‍വകലാശാലയുടെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 12ന് വൈകീട്ട് അഞ്ചിന് മുമ്പ് വക്കം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ലഭിക്കണം. 13ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.17, 18 തീയതികളിലായി പ്രവേശന ഇന്‍റര്‍വ്യൂ നടത്തി 19ന് ക്ളാസ് ആരംഭിക്കും. യു.ഐ.റ്റിയുടെ നടത്തിപ്പിനായി അഡ്വ.ബി. സത്യന്‍ എം.എല്‍.എ ചെയര്‍മാനായി വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. സുലജ, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.എസ്. കൃഷ്ണകുമാര്‍, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.