തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വീണ്ടും കടകുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് വീണ്ടും മോഷണം നടന്നത്. അമ്പത് കോടിയോളം രൂപയാണ് സുരക്ഷാനിരീക്ഷണ സംവിധാനങ്ങള്‍ക്കായി ഇതിനകം സര്‍ക്കാര്‍ മുടക്കിയിട്ടുള്ളത്. രണ്ടുദിവസം മുമ്പ് പത്മതീര്‍ഥക്കരയില്‍ അഞ്ച് കടകളുടെ മേല്‍ക്കൂര തകര്‍ത്തും ഷട്ടറുകള്‍ അറുത്തുമാറ്റിയും കവര്‍ച്ച നടന്നിരുന്നു. അതിലെ പ്രതിയെ പൊലീസ് പിടികൂടി റിമാന്‍ഡ് ചെയ്തത് വെള്ളിയാഴ്ച രാത്രിയാണ്. എന്നാല്‍, അന്ന് രാത്രി തന്നെ വീണ്ടും ഈ ഭാഗത്ത് മോഷണം നടന്നത് പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. കിഴക്കേകോട്ടയോട് ചേര്‍ന്നുള്ള ലോട്ടറിക്കട കുത്തിത്തുറന്നാണ് കവര്‍ച്ച. കൈരളി ഏജന്‍സിയുടെ കീഴില്‍ വെള്ളായണി സ്വദേശി രഞ്ജിത്ത് നടത്തുന്ന കടയില്‍ നിന്ന് 35,000 രൂപ നഷ്ടമായതായി പരാതിയില്‍ പറയുന്നു. കടയുടെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. പ്രദേശത്ത് മോഷണം പതിവായതോടെ വ്യാപാരികളും പ്രതിഷേധത്തിലാണ്. സംഭവമറിഞ്ഞ് ഫോര്‍ട്ട് പൊലീസ് സ്ഥലത്തത്തെി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും എത്തിയിരുന്നു. നിരീക്ഷണ കാമറകള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങാനാണ് പൊലീസ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.