അഴിമതി: മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉപരോധിച്ചു

വെഞ്ഞാറമൂട്: അഴിമതി ആരോപിച്ച് മാണിക്കല്‍ പഞ്ചായത്ത് സെക്രട്ടറിയെ കോണ്‍ഗ്രസ് മെംബര്‍മാര്‍ ഉപരോധിച്ചു. മരാമത്ത് പണികള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ 40 ലക്ഷം രൂപ ചെലവിട്ടതില്‍ അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ബഹളം ഉണ്ടാക്കുകയും തുടര്‍ന്ന് സെക്രട്ടറിയെ തടഞ്ഞുവെക്കുകയുമായിരുന്നു. പരാതികള്‍ ഉയര്‍ന്നശേഷമാണ് പൂര്‍ത്തിയായ പണിക്ക് ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ആരോപണം. അഞ്ചുലക്ഷം രൂപയിലധികം വരുന്ന പണികളുടെ തുക കരാറുകാരുമായി ധാരണയുണ്ടാക്കി അഞ്ചു ലക്ഷത്തില്‍ താഴെയായി കുറച്ച് ഇ- ടെന്‍ഡര്‍ നടപടിയില്‍നിന്നും തടിയൂരാനും നീക്കം നടത്തി. തുക കുറയുന്നതോടെ ടെന്‍ഡര്‍ വിവരം നോട്ടീസ് ബോര്‍ഡില്‍ മാത്രം പരസ്യപ്പെടുത്തിയാല്‍മതിയെന്ന വ്യവസ്ഥയുടെയുടെ മറവിലാണ് എല്‍.ഡി.എഫ് ഭരണസമിതി അഴിമതി നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചായത്തിലെ കാഞ്ഞാംപാറ നേതാജിപുരം, മൂന്നുമുക്ക് റേഷന്‍കടമുക്ക്, ഷഹീദ് മെമ്മോറിയല്‍, കൊപ്പം കട്ടയ്ക്കാല്‍, കുതിരകുളം മാങ്കുഴി,പുളിമൂട് പള്ളിനട, പുളിമൂട് കോളനി റോഡുകളാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ പണിനടത്തിയത്. കോണ്‍ഗ്രസ് അംഗങ്ങളായ പള്ളിക്കല്‍ നസീര്‍,സുധാകുമാരി,അമ്പിളി ബി.നായര്‍,ശോഭനകുമാരി, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സെക്രട്ടറി എം.വി. പ്രമോദിനെ തടഞ്ഞുവെച്ചത്. അതേസമയം, ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതടക്കം ഭരണമികവില്‍ അസൂയ പൂണ്ടവര്‍ നടത്തുന്ന ആരോപണങ്ങളാണ് ഇപ്പോഴുള്ളതെന്ന് പ്രസിഡന്‍റ് കെ. ജയന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.