വിദേശത്തുനിന്ന്​ എത്തുന്നവരുടെ നിരീക്ഷണത്തിന്​ പ്രതിദിന ഗൃഹസന്ദർശനം

പി.പി. പ്രശാന്ത് തദ്ദേശസ്ഥാപനതല കമ്മിറ്റികളും വാർഡ് തല നിരീക്ഷണ സമിതികളും രൂപവത്കരിക്കണം തൃശൂർ: ക്വാറൻറീൻ ഉറപ്പാക്കാൻ വിദേശത്തുനിന്ന് എത്തുന്നവരുടെ വീടുകൾ നിരീക്ഷണസമിതി അംഗങ്ങൾ ദിവസവും സന്ദർശിക്കും. പ്രവാസികളുടെ വരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനതല കമ്മിറ്റികളും വാർഡ് തല നിരീക്ഷണ സമിതികളും രൂപവത്കരിക്കണമെന്ന നിർദേശവുമായി ബുധനാഴ്ച ഇറങ്ങിയ ഉത്തരവിലാണ് ഈ നിർദേശമുള്ളത്. റസിഡൻറ് അസോസിയേഷൻ പ്രതിനിധികൾ, ജനമൈത്രി പൊലീസ് പ്രതിനിധി, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, അംഗണവാടി ജീവനക്കാരി, ആരോഗ്യ പ്രവർത്തകൻ, എസ്.സി.എസ്.ടി പ്രമോട്ടർ, ആശ വർക്കർ, സന്നദ്ധരായ സർക്കാർ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന വാർഡ് തല നിരീക്ഷണ സമിതി രൂപവത്കരിക്കണമെന്ന് ഉത്തരവിൽ പറയുന്നു. എത്തുന്നവരുടെ വീടുകളിലെ നിരീക്ഷണം ഉറപ്പുവരുത്തേണ്ടത് ഈ സമിതിയാണ്. മതിയായ സുരക്ഷയോടെ വേണം സമിതി അംഗങ്ങൾ സന്ദർശനം നടത്തേണ്ടത്. രോഗലക്ഷണം പ്രകടമാകുന്നവരുടെ വിവരം യഥാസമയം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണം. കിടപ്പുരോഗികൾ, വയോജനങ്ങൾ, ജീവിതശൈലി രോഗങ്ങളുള്ളവർ തുടങ്ങിയവരുടെ വിവരശേഖരണം നടത്തേണ്ടതും ആഹാരം, മരുന്ന് തുടങ്ങിയവ എത്തിക്കേണ്ടതും ഈ സമിതിയാണ്. ഇവർ ശേഖരിക്കുന്ന വിവരങ്ങൾ ജില്ല ഭരണകൂടത്തിന് കൈമാറുന്നതുൾപ്പെടെ ചുമതല നിർവഹിക്കാൻ തദ്ദേശസ്ഥാപന തല കമ്മിറ്റികൾ രൂപവത്കരിക്കണം. തദ്ദേശ സ്ഥാപന പ്രസിഡൻറ് അധ്യക്ഷനായ സമിതിയിൽ പ്രതിപക്ഷ ജനപ്രതിനിധി, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ, എം.എൽ.എയോ പ്രതിനിധിയോ, പൊലീസ്, വില്ലേജ് ഓഫിസർ, തദ്ദേശസ്ഥാപന സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡൻറ്, സന്നദ്ധസേന, കുടുംബശ്രീ, ആശവർക്കർ, പെൻഷനേഴ്സ് യൂനിയൻ പ്രതിനിധികൾ എന്നിവരും ഉൾപ്പെടും. വാർഡ് സമിതികളുടെ നിരീക്ഷണവും വിവരശേഖരണവും സർക്കാർ ഉത്തരവുകൾ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ സമിതിക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.