വാടാനപ്പള്ളി: ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും നടുവിൽക്കരയിലെ കെ. കരുണാകരൻ സ്മാരക പട്ടികജാതി വനിത തൊഴിൽ പരിശീലന കേന്ദ്രം അടഞ്ഞു കിടക്കുന്നു. പട്ടികജാതി വനിതകൾക്ക് തൊഴിൽ ലക്ഷ്യം വെച്ചാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻെറ പേരിൽ മുൻ ജില്ല പഞ്ചായത്ത് ഭരണസമിതി തൊഴിൽ പരിശീലന കേന്ദ്രം നിർമിച്ചത്. കെട്ടിടം നിർമിക്കാൻ രണ്ട് സ്വകാര്യ വ്യക്തികളാണ് നടുവിൽക്കരയിൽ സ്ഥലം സൗജന്യമായി നൽകിയത്. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി അനുവദിച്ച 25 ലക്ഷം രൂപ ചെലവിലാണ് മനോഹരമായ കെട്ടിടം നിർമിച്ചത്. ആറ് വനിത യൂനിറ്റുകൾക്ക് ഒരേ സമയം പരിശീലനം നൽകാവുന്ന സൗകര്യത്തിലാണ് കെട്ടിടം പണിതത്. ഒരു ഹാളും നിർമിച്ചു. 2015ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബുവാണ് പരിശീലന കേന്ദ്രത്തിൻെറ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് കേന്ദ്രം തുറന്നില്ല. പിന്നീട് വന്ന ജില്ല പഞ്ചായത്ത് - പഞ്ചായത്ത് ഭരണസമിതികൾ ഒരു നടപടിയും കൈകൊണ്ടില്ല. കെട്ടിടം നാശത്തിൻെറ വക്കിലാണ്. കഴിഞ്ഞ പ്രളയത്തിലും ഇത്തവണത്തെ കാലവർഷത്തിലും കേന്ദ്രം മുങ്ങിയിരുന്നു. തൊഴിൽ രംഗത്ത് ഏറെ സാധ്യത ഉള്ളപ്പോഴാണ് പരിശീലനത്തിന് ഉപയോഗിക്കാതെ കേന്ദ്രം അടച്ചിട്ട് നശിപ്പിക്കുന്നത്. പട്ടികജാതി വനിതകൾക്ക് തൊഴിൽ വരുമാനമാർഗം കണ്ടെത്താൻ ഏറെ പ്രയോജനകരമാണ് തൊഴിൽ പരിശീലന കേന്ദ്രം. വിവിധ പഞ്ചായത്തുകൾ തൊഴിൽ പരിശീലനം നൽകാൻ സ്ഥലം കണ്ടെത്താൻ പ്രയാസപ്പെടുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഈ കേന്ദ്രം വെറുതെ കിടന്ന് നശിക്കുന്നത്. സ്ഥാപനം നോക്കുകുത്തിയായിട്ടും ദലിത് സംഘടനകളും മൗനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.