റേഷൻ ഗോതമ്പ്​ ചാക്കുകൾക്കിടയിൽ കീടനാശിനി ഗുളികകൾ തിരുകി​െവച്ച നിലയിൽ

എരുമപ്പെട്ടി: സിവിൽ സപ്ലൈസ്‌ വകുപ്പിൻെറ കുരിയച്ചിറ ഗോഡൗണിൽനിന്ന് വേലൂർ ഗോഡൗണിലെത്തിച്ച ഗോതമ്പിൽ മാരക കീടനാശിനിയായ അലുമിനിയം ഫോസ്ഫെയ്റ്റ് കണ്ടെത്തി. ഗോതമ്പ് ചാക്കുകൾക്കിടയിൽ അലുമിനിയം ഫോസ്ഫെയ്റ്റ് ഗുളികകൾ തിരുകിവെച്ച നിലയിലാണ് കണ്ടത്. ഗോതമ്പിൽ പുഴുക്കൾ ഉെണ്ടന്ന ആരോപണത്തിൻെറ നിജസ്ഥിതി അറിയാൻ കലക്ടറുടെ നിർദേശപ്രകാരം ജില്ല സപ്ലൈ ഓഫിസർ എം.ആർ. ശിവകാമി അമ്മാളുടെ നേതൃത്വത്തിൽ സപ്ലൈകോ വിജിലൻസ് സ്ക്വാഡും ഫുഡ് ക്വാളിറ്റി കൺട്രോൾ വിഭാഗവും ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുഴുക്കൾക്ക് പുറമെ മാരക കീടനാശിനിയായ അലുമിനിയം ഫോസ്ഫെയ്റ്റ് ഗുളികകൾ ഗോതമ്പ് ചാക്കുകൾക്കിടയിൽ തിരുകി വെച്ചതായും കണ്ടെത്തിയത്. സംഭവത്തിൽ എഫ്.സി.ഐ ഡിപ്പോ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് അന്വേഷണ റിപ്പോർട്ട്. വേലൂരിലെ ഗോഡൗണിൽ തിങ്കളാഴ്ചയാണ് പരിശോധന നടത്തിയത്. എഫ്.സി.ഐ ഡിപ്പോയിൽ പുഴുക്കളേയും ചാഴികളേയും തടയാൻ ഭക്ഷ്യ വസ്തുക്കളിൽ നിന്ന് നിശ്ചിത ദൂരം പാലിച്ച് അലുമിനിയം ഫോസ്ഫെയ്റ്റ് ഗുളികകൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ലോഡിങ് വാഹനങ്ങളിലും ചാക്കുകൾക്കിടയിലും ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. പുഴുക്കളെ കണ്ടതിനെ തുടർന്ന് കുരിയച്ചിറയിലെ ഗോഡൗണിൽ നിന്ന് മടക്കിയ ഗോതമ്പാണ് വേലൂരിലെ ഗോഡൗണിലെത്തിച്ചതെന്ന് സംഘം കണ്ടെത്തി. കുരിയച്ചിറയിൽ നിന്ന് മടക്കിയ ലോഡാണ് വേലൂർ ഗോഡൗണിലേക്ക് കൊണ്ടുവന്നതെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ലോഡിറക്കാൻ ജീവനക്കാർ അനുവദിച്ചില്ല. അതേസമയം, കുരിയച്ചിറയിൽ നിന്ന് മടക്കിയ ഗോതമ്പല്ല പുതിയ ലോഡാണ് വേലൂരിലേക്ക് അയച്ചതെന്ന് എഫ്.സി.ഐ ഡിപ്പോ മാനേജർ അറിയിച്ചിരുന്നു. കുരിയച്ചിറയിൽ നിന്ന് എഫ്.സി.ഐ ഗോഡൗണിലേക്ക് മടക്കിയ അതേ ലോഡ് ഗോതമ്പാണ് ഡിപ്പോ മാനേജരുടെ നിർദേശപ്രകാരം വേലൂരിലെത്തിച്ചതെന്നും പുഴുക്കളെ കൊല്ലാൻ ചാക്കുകൾക്കിടയിൽ അലുമിനിയം ഫോസ്ഫേറ്റ് ഗുളികകൾ ഗോഡൗണിൽനിന്ന് വെച്ചതാണെന്നും ലോഡുമായി വന്ന വാഹനങ്ങളുടെ ഉടമകൾ രേഖാമൂലം മൊഴി നൽകിയതോടെ എഫ്.സി.ഐ ഉദ്യോഗസ്ഥർ വെട്ടിലായി. സംഭവത്തിൽ എഫ്.സി.ഐ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പുഴുക്കളും അലുമിനിയം ഫോസ്ഫേറ്റും കണ്ടെത്തിയ സാഹചര്യത്തിൽ വേലൂരിലെത്തിച്ച ഗോതമ്പ് വിതരണം ചെയ്യില്ലെന്നും കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ജില്ല സെപ്ലെ ഓഫിസർ അറിയിച്ചു. സെപ്ലെകോ വിജിലൻസ് ഓഫിസർ എ.കെ. സതീഷ് കുമാർ, ഭക്ഷ്യസുരക്ഷ എൻഫോഴ്സ്മൻെറ് ഓഫിസർമാരായ എസ്. കൃഷ്ണപ്രിയ, വി. ലിഷ, എഫ്.സി.ഐ ഡിപ്പോ മാനേജർ ടി. ബിന്ദുമോൾ, ക്വാളിറ്റി അഷ്വറൻസ് വാണി അമൃത, താലൂക്ക് ഡിപ്പോ മാനേജർ ഇൻ ചാർജ് ശോഭ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.