കേരളത്തിലെ നാട്ടാനകളുടെ മരണസംഖ്യയിൽ വർഷംതോറും വർധനയെന്ന്​ റിപ്പോർട്ട്​

കേരളത്തിലെ നാട്ടാനകളുടെ മരണസംഖ്യയിൽ വർഷംതോറും വർധനയെന്ന് റിപ്പോർട്ട് കൊച്ചി: വിശ്രമമില്ലാത്ത ജോലിയും പീഡനങ്ങളും മൂലം നാട്ടാനകളുടെ മരണസംഖ്യ വർഷംതോറും ഗണ്യമായി വർധിക്കുന്നതായി ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട്. 2017ൽ 17 നാട്ടാനകളാണ് െചരിഞ്ഞത്. അടുത്ത വർഷം മരണം ഇരട്ടിയായി. ഇൗ വർഷം ഇതുവരെ 14 ആന െചരിഞ്ഞെന്നും വിദഗ്ധ സമിതിയെ ഉദ്ധരിച്ച് അമിക്കസ് ക്യൂറി ഹൈകോടതിയിൽ വ്യക്തമാക്കി. സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രുവൽറ്റി ടു അനിമൽ (എസ്.പി.സി.എ) ഇടുക്കി ജില്ല സെക്രട്ടറി എം.എൻ. ജയചന്ദ്രൻ നൽകിയ ഹരജിയിലാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ച അഭിഭാഷകൻ റിപ്പോർട്ട് നൽകിയത്. ൈഹകോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം ഡോ. പി.എസ്. ഇൗസയും റിപ്പോർട്ട് സമർപ്പിച്ചു. ആനകളുടെ ഫാൻസ് അസോസിയേഷനുകൾ അവയുടെ ദുരിതം വർധിപ്പിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വെറ്ററിനറി ഡോക്ടർമാർ ചട്ടവും വ്യവസ്ഥകളും ലംഘിച്ച് ആനകളെ എഴുന്നള്ളിക്കാൻ ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതായി അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. പോഷകാഹാരക്കുറവ്, തെറ്റായ ആഹാരരീതി, വിശ്രമമില്ലാത്ത ജോലി, പീഡനം തുടങ്ങിയവയാണ് ആനകളുടെ മരണനിരക്ക് ഉയരാൻ കാരണം. ആനയുടമകളിൽനിന്ന് ആനകളെ നിശ്ചിതകാലത്തേക്ക് വാടകക്കും പാട്ടത്തിനും ഇടനിലക്കാർ ഏറ്റെടുക്കുന്നത് തടയണം. ഏക്കം ഏർപ്പാട് നിരോധിക്കണം. 65 വയസ്സ് പിന്നിട്ട ആനകളെ എഴുന്നള്ളിക്കുന്നത് പൂർണമായും നിരോധിക്കണം. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 507 നാട്ടാനകളാണുള്ളത്. ഇവയിൽ 97 എണ്ണം പിടിയാനകളാണ്. ഇടുക്കി ജില്ലയിൽ ഒമ്പത് ആന സഫാരി കേന്ദ്രങ്ങളിലായി 43 ആനകളെ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഗജരത്നം, ഗജകേസരി തുടങ്ങിയ പട്ടം നൽകുന്നതിലൂടെ ആനകൾ കൂടുതൽ പണിയെടുക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് ഡോ. ഈസയുടെ റിപ്പോർട്ടിൽ പറയുന്നു. ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്ത ആനയെ തൊട്ടടുത്ത രണ്ട് ജില്ലയിൽക്കൂടി മാത്രമേ ഉപയോഗിക്കാവൂ. തുടർച്ചയായി നാല് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിപ്പിക്കരുത്. മൂന്നുദിവസം എഴുന്നള്ളത്തിനും മറ്റും ഉപയോഗിച്ചാൽ നാലാം നാൾ വിശ്രമം നൽകണം. രാത്രി ആനകളെ ഉപയോഗിച്ചാൽ അടുത്തദിവസം വിശ്രമിക്കാൻ അനുവദിക്കണം. നാട്ടാനകൾക്ക് യഥേഷ്ടം വിഹരിക്കാനുള്ള പരിസ്ഥിതിയുള്ള പ്രത്യേക കേന്ദ്രങ്ങൾ വനം വകുപ്പ് തുടങ്ങണം. ആനകളുടെ തലപ്പൊക്ക മത്സരം കർശനമായി നിരോധിക്കണം. പാപ്പാന്മാർക്ക് പരിശീലനം നൽകണം. ജില്ല നിരീക്ഷക, വിദഗ്ധ സമിതികളിൽ ആനക്കാര്യങ്ങളിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തണം. നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യമുള്ളതിനാൽ നാട്ടാന പ്രജനന പദ്ധതിക്ക് രൂപം നൽകണമെന്ന നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.