സൈനികനും കുടുംബത്തിനും മർദനമേറ്റ കേസ്​: കരുവാരകുണ്ട് എ.എസ്.ഐക്ക് സസ്പെൻഷൻ

സൈനികനും കുടുംബത്തിനും മർദനമേറ്റ കേസ്: കരുവാരകുണ്ട് എ.എസ്.ഐക്ക് സസ്പെൻഷൻ കരുവാരകുണ്ട് (മലപ്പുറം): സൈനികനെയും ഭാര്യാമാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെയും വഴിയിൽ തടഞ്ഞ് മർദിച്ചെന്ന കേസിലെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കരുവാരകുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ ശശികുമാറിനെയാണ് മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് ഒമ്പതിന് മാമ്പുഴ തരിപ്രമുണ്ടയിലാണ് സൈനികൻ പാറക്കൽ സുനിൽ ബാബുവും കുടുംബവും ഒരുസംഘം യുവാക്കളുടെ മർദനത്തിനിരയായത്. വാഹനത്തിന് വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു സംഭവം. സുനിലിൻെറ പിതാവ്, ഭാര്യാമാതാവ് എന്നിവർക്ക് പരിക്കേൽക്കുകയും ഭാര്യയെയും കുട്ടിയെയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ ജാമ്യത്തിൽ വിട്ടിരുന്നു. യുവാക്കൾ നൽകിയ പരാതിയിൽ സുനിൽ ബാബുവിൻെറ പിതാവിനെതിരെയും കേസെടുത്തിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് സുനിൽ ബാബു പരാതി നൽകി. ഡി.ജി.പിയുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയ പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു കേസ് അന്വേഷണത്തിലും പ്രതികൾക്ക് സ്റ്റേഷനിൽനിന്ന് ജാമ്യം നൽകിയതിലും അപാകത കണ്ടെത്തി. തുടർന്നാണ് ജില്ല പൊലീസ് മേധാവി അന്വേഷണ ചുമതലയുണ്ടായിരുന്ന എ.എസ്.ഐയെ സസ്പെൻഡ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.