തൃശൂർ: മലയോര കർഷകർക്ക് ഡിസംബറിൽ പട്ടയം കൊടുക്കാൻ മന്ത്രിമാരായ എ.സി. മൊയ്തീൻെറയും വി.എസ്. സുനിൽകുമാറിൻെറയും സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിൻെറ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി ജില്ല ഭരണകൂടത്തിന് നിർദേശം നൽകി. പട്ടയം ആവശ്യപ്പെട്ട് ആറ് നാളായി നടക്കുന്ന മലയോര കർഷകര സമരസമിതിയുടെ സമരം മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. കേന്ദ്രാനുമതി ലഭിച്ച 2726.3877 ഹെക്ടറിൽ 1200.7068 ഹെക്ടറിന് 2019 ജൂലൈ 31ഓടെ പട്ടയം നൽകിക്കഴിഞ്ഞു. ബാക്കി 1057.4915 ഹെക്ടറിലാണ് പട്ടയം അനുവദിക്കേണ്ടത്. ഇതിന് ലഭിച്ച 3031 അപേക്ഷകളിൽ ടോട്ടൽ സ്റ്റേഷൻ, ജി.പി.എസ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് സർവേ പൂർത്തീകരിക്കും. സർവേക്ക് മൂന്ന് പേർ വീതമുളള 10 ടീമുകളെ നിയോഗിക്കും. ഒക്‌ടോബർ 20 നകം സർവേ പൂർത്തീകരിക്കും. റവന്യൂ-വനം വകുപ്പ് സംയുക്ത പരിശോധന പൂർത്തീകരിക്കാനുള്ള 1352.5986 ഹെക്ടറിൽ ഈ മാസം 19 മുതൽ സംയുക്ത പരിശോധന തുടങ്ങും. 45 ദിവസം കൊണ്ട് അത് പൂർത്തീകരിക്കും. സംയുക്ത പരിശോധന കഴിഞ്ഞിട്ടും കേന്ദ്രാനുമതി ലഭിക്കേണ്ട 1205.5109 ഹെക്ടറിൽ നടത്തേണ്ട സർവേ നടപടികളും പൂർത്തിയാക്കും. പട്ടയവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനത്തിന് തൃശൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാലക്കുടി, കുന്നംകുളം താലൂക്കുകളുടെ ചുമതലയുളള ഡെപ്യൂട്ടി കലക്ടർമാരെ നിയോഗിച്ചു. അതത് ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാെരയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി സമിതി രൂപവത്കരിച്ച് പ്രവർത്തനപുരോഗതി വിലയിരുത്തണം. 16ന് ആദ്യതാലൂക്ക് തല യോഗം ചേരും. പ്രവർത്തനപുരോഗതി ജില്ല വികസന സമിതി യോഗങ്ങളിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) റിപ്പോർട്ട് ചെയ്യണം. പ്രവർത്തനങ്ങളുടെ ഏകോപനത്തിന് പ്രത്യേക ഓഫിസ് തുടങ്ങാൻ കലക്ടറെ ചുമതലപ്പെടുത്തി. പട്ടയം നൽകുന്നതിന് ഇല്ലാത്ത മരങ്ങൾക്ക് ഫീസ് ഈടാക്കില്ല. ഉന്നതതല യോഗത്തിന് ശേഷം മന്ത്രി എ.സി. മൊയ്തീൻെറ അധ്യക്ഷതയിൽ കർഷക സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി. ഉപാധിരഹിത പട്ടയ പ്രശ്‌നം സംബന്ധിച്ച് പരിശോധിക്കാമെന്നും പട്ടയ അപേക്ഷകരുടെ പേരും ലഭിച്ചവരുടെ പട്ടികയും പ്രസിദ്ധീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഭാഗമായി കൊച്ചുവീടുകൾ വെക്കാൻ കൈവശാവകാശ രേഖ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമപരമായി അർഹരായവർക്ക് മുഴുവൻ പട്ടയം നൽകണമെന്നാണ് സർക്കാറിൻെറ നിലപാടെന്ന് മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തിൽ കലക്ടർ എസ്.ഷാനവാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.