തൃശൂർ : പട്ടയത്തിന് സമരം ചെയ്ത കർഷകരെ പൊലീസ് വാഹനങ്ങളിൽ ബന്ദികളാക്കുകയും മർദിക്കുകയും ചെയ്തത് ഡിവൈ.എസ്.പി റാ ങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടികൾ നാലാഴ്ചക്കകം കമീഷനെ അറിയിക്കണമെന്നും സംഭവത്തിന് ഉത്തരവാദിയായ ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സെപ്റ്റംബർ 24ന് രാവിലെ 10.30ന് തൃശൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. കലക്ടറും വിശദീകരണം ഹാജരാക്കണം. ബുധനാഴ്ച രാത്രി 11നാണ് സംഭവം. വയോധികരും സ്ത്രീകളും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തെന്നും അറസ്റ്റിന് മുമ്പ് നാല് പേരെ അസി. കമീഷണറുടെ നേതൃത്വത്തിൽ മർദിച്ചതായും സമരസമിതി നേതാവ് ജോബി കൈപ്പാങ്ങൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. എ.സി.പി. ബൂട്ടിട്ട് ചവിട്ടിയ നിഷ (31) ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കിയില്ല. രാത്രി 11 മുതൽ ഒല്ലൂർ വെട്ട്ക്കാട്ട് ബന്ദികളാക്കി. കർഷകർക്ക് മരുന്നും ഭക്ഷണവും പ്രാഥമിക ആവശ്യങ്ങളും നിഷേധിച്ചതായി പരാതിയിൽ പറയുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.