വനഭൂമി പട്ടയം: 1905 ഫയലുകൾ കാണാനില്ല

തൃശൂർ: വനഭൂമി പട്ടയ അപേക്ഷയുമായി ബന്ധപ്പെട്ട് 1905 ഫയലുകൾ ജില്ല ഭരണ േകന്ദ്രത്തിൽ കാണാനില്ല. മലയോര പട്ടയ വിതരണവുമായി ബന്ധപ്പെട്ട അപേക്ഷകളിൽ പരിശോധനയിലാണ് 1905 ഫയലുകളും സംയുക്ത പരിശോധനാ റിപ്പോർട്ടുകളും കാണാനില്ലാത്തത് ശ്രദ്ധയിൽപ്പെട്ടത്. മന്ത്രി എ.സി. മൊയ്തീൻെറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. അടിയന്തരമായി ഫയലുകൾ കണ്ടെത്തി കൈമാറാൻ ഭൂരേഖ തഹസിൽദാർമാർക്ക് നിർദേശം നൽകി. ഫയലുകളും സംയുക്ത പരിശോധന റിപ്പോർട്ടും കാണാതായതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് തേടാനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി ആരംഭിക്കാനും അടുത്ത അവലോകനയോഗത്തിൽ ഇത് സംബന്ധിച്ച നടപടികൾ അറിയിക്കാനും മന്ത്രി കലക്ടർക്ക് നിർദേശം നൽകി. മലയോര കർഷകരുടെ സമരത്തിന് രൂക്ഷവിമർശനം തൃശൂർ: പട്ടയം ആവശ്യപ്പെട്ട് മലയോര കർഷക സംരക്ഷണ സമിതി നടത്തിയ സമരത്തിന് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന കർഷക പ്രതിനിധികളുടെ യോഗത്തിൽ രൂക്ഷ വിമർശനം. കലക്ടറേറ്റിന് മുന്നിലേക്ക് വന്ന സമരക്കാർ പിന്നീട് ചീഫ് വിപ്പ് കെ. രാജൻെറ ഓഫിസ് ഉപരോധിച്ചതും ബുധനാഴ്ച രാത്രി കലക്ടറേറ്റ് കൈയേറിയതും യോഗത്തിൽ നിശിതമായി വിമർശിക്കപ്പെട്ടു. ഉന്നതതല യോഗത്തിൽ മന്ത്രി മൊയ്തീൻ ആരംഭിച്ച വിമർശനം പിന്നാലെ മറ്റുള്ളവർ ഏറ്റെടുത്തു. സമരരീതി തെറ്റായിരുന്നുവെന്നും സർക്കാറിനെ മുൾമുനയിലാക്കിയുള്ള സമരരീതി ന്യായീകരണമില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകർ അതിര് വിട്ട സമരത്തിൽ ഖേദം അറിയിച്ചു. പട്ടയം വേണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും സമരം അവസാനിപ്പിക്കുന്നതായും യോഗത്തിൽ സമിതി ചെയർമാൻ ജോബി കൈപ്പങ്ങൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.