തൃശൂർ: കാർഷിക സർവകലാശാലയുടെ അക്രഡിറ്റേഷൻ അപേക്ഷ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ) തിരിച്ചയച്ചു. ആവശ്യമായ വ ിവരമില്ലാതെയും അവ്യക്തമായും നൽകിയ അപേക്ഷ കൗൺസിലിൻെറ ബംഗളൂരു പ്രാദേശിക കേന്ദ്രമാണ് തിരിച്ചയച്ചത്. ഇതോടെ സർവകലാശാലയുടെ അക്രഡിറ്റേഷൻ വൈകുന്ന സാഹചര്യമാണ്. വീണ്ടും പ്രാദേശിക കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. അവരുടെ സന്ദർശനം കഴിഞ്ഞ് ഡൽഹിയിൽനിന്നുള്ള കൗൺസിൽ സംഘം നേരിട്ട് പരിശോധിച്ച ശേഷമേ നടപടിയുണ്ടാകൂ. ഇതിന് മൂന്ന് മാസമെടുക്കും. അതേസമയം, തമിഴ്നാട്ടിലെ അണ്ണാമലൈ സർവകലാശാലയുടെ കൃഷി ഫാക്കൽറ്റിയുടെ മുഴുവൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും കൗൺസിലിൻെറ അക്രഡിറ്റേഷൻ ലഭിച്ചു. ഒരു വർഷം ബി.എസ്സി അഗ്രിക്കൾച്ചറിന് 600 വിദ്യാർഥികളെ പ്രവേശിപ്പിക്കാനാണ് അണ്ണാമലൈക്ക് അനുമതി. മാസങ്ങൾക്കു മുമ്പ് ഐ.സി.എ.ആർ അക്രഡിറ്റേഷൻ നിരസിക്കപ്പെട്ടതിന് കാർഷിക സർവകലാശാല പറഞ്ഞ ന്യായം പഞ്ചാബ്, ധാർവാഡ് കാർഷിക സർവകലാശാലകൾക്കും ലഭിച്ചിട്ടില്ല എന്നാണ്. എന്നാൽ, ഇത്തവണ ഈ സർവകലാശാലകൾക്കും അക്രഡിറ്റേഷൻ ലഭിച്ചു. മുമ്പ് അധിക സമയം കഴിഞ്ഞിട്ടും അപേക്ഷ നൽകാത്തതിന് കാർഷിക സർവകലാശാലക്ക് ഐ.സി.എ.ആർ പിഴ ചുമത്തിയിരുന്നു. പിഴയായി 12 ലക്ഷം രൂപ അടച്ചതായാണ് വിവരം. കാർഷിക സർവകലാശാല വൈസ് ചാൻസലറും കംപ്ട്രോളറും ഒഴികെയുള്ളവർ ഇൻ-ചാർജ് ആയതിനാൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥയാണെന്ന് ആക്ഷേപമുണ്ട്. ഐ.സി.എ.ആർ റാങ്കിങ്ങിലും സർവകലാശാല താഴേക്കാണ്. -കെ. പരമേശ്വരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.