തൃശൂര്‍: ചാലക്കുടിയെ വിറപ്പിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയത് വാതവിസ്ഫോടനം എന്ന അപൂര്‍വ ചുഴലി പ്രതിഭാസം. ഒപ്പം ചാലക്കുടിപ്പുഴയില്‍ തിരയിളക്കത്തിനും വെള്ളം അന്തരീക്ഷത്തില്‍ ഉയരാനും ഇടയാക്കിയത് ജലച്ചുഴലിയും (വാട്ടര്‍ സ്പൗട്ട്). വാത വിസ്ഫോടനമെന്നും അറിയപ്പെടുന്ന ചുഴലി അത്യപൂര്‍വമാണെങ്കിലും കരച്ചുഴലിക്ക് (ടൊര്‍ണാഡോ) സമാനം ഭീകരമായ പ്രതിഫലനമാണ് ഉണ്ടാക്കുക. കൂമ്പാര മേഘങ്ങളിലും കൂമ്പാര മഴ മേഘങ്ങളില്‍ നിന്നുമാണ് ഇത് ഉണ്ടാവുക. ഉയര്‍ന്നുപൊങ്ങുന്ന മേഘങ്ങളില്‍നിന്ന് മഴയോട് കൂടിയോ അല്ലെങ്കില്‍ മഴ ഇല്ലാത്ത സന്ദര്‍ഭത്തിലോ വായുവിൻെറ ശക്തമായ കീഴ്ത്തള്ളലാണിതെന്ന് കലാവസ്ഥ വ്യതിയാന ഗവേഷകന്‍ ഡോ. സി.എസ്. ഗോപകുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മേഘങ്ങളില്‍നിന്നുള്ള കാറ്റിൻെറ പ്രവാഹം നഗ്നനേത്രങ്ങളാല്‍ കാണാനാവും. ഇങ്ങനെ വായുസ്തംഭം താഴേക്ക് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുക. അതേസമയം തന്നെ ജലത്തില്‍ അതിൻെറ പ്രതിഫലനം ഉണ്ടാവും. ജലത്തില്‍ ചുഴലി എത്തുന്നതോടെ ശക്തമായ തിരയിളക്കവും തുടര്‍ന്ന് ജലത്തെ ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യുന്നതാണ് ജലച്ചുഴലി. കേരളത്തില്‍ കൊല്ലം ജില്ലയില്‍ അടക്കം കടലില്‍ ജലച്ചുഴലി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ശുദ്ധജലാശയത്തില്‍ ഇത് ആദ്യത്തേതാകാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നത്. വിവിധ ഇടങ്ങളില്‍ മീന്‍ മഴ അടക്കം പെയ്യുന്നത് ജലച്ചുഴലിക്ക് പിന്നാലെയാണ്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് ഇത് വീശിയടിക്കുക. കാറ്റിൻെറ ദിശക്കനുസരിച്ച് ഈ ചുറ്റളവില്‍ ഭീകര താണ്ഡവം ആടാന്‍ ചുഴലിക്കാവും. ചാലക്കുടിപ്പുഴയിലെ തിരയിളക്കവും ജല ഉയര്‍ച്ചക്കും പിന്നാലെ വിവിധ ഭാഗങ്ങളിലും ഇതിൻെറ പ്രതിഫലനം ഉണ്ടായിരുന്നു. അത്രമേല്‍ സജീവമാകാത്തതിനാലാണ് അതിഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടാതെ പോയത്. കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും അടക്കമുള്ള കാര്യങ്ങളാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമായി ഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.