ക്ഷേത്രനടയില്‍ രണ്ടുപേരെ തെരുവുനായ് കടിച്ചു കീറി

ഗുരുവായൂര്‍: ക്ഷേത്രനടയില്‍ വയോധികകൾക്ക് തെരുവ് നായ്യുടെ ആക്രമണം. ക്ഷേത്രനട അഭയകേന്ദ്രമാക്കിയിട്ടുള്ള വയോധികകൾക്കാണ് പരിക്കേറ്റത്. ഒരാൾ ഭിന്നശേഷിക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കിഴക്കെ നട സത്രം ഗേറ്റിനടുത്തുവെച്ചാണ് വാളാര്‍ സ്വദേശിനി സേവയെ (70) നായ് കടിച്ചത്. റോഡരില്‍ ഇരുന്നിരുന്ന സ്ത്രീയുടെ അടുത്തേക്ക് നായ് ഓടിവന്നപ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് സേവക്ക് ്നേരെ തിരിഞ്ഞത്. ആദ്യം കൈയ്യിലും പിന്നീട് കണ്ണിന് താഴെയും കടിച്ചു. പരിസരത്തെ കച്ചവടക്കാരാണ് തുരത്തിയോടിച്ചത്. ആക്ട്‌സ് പ്രവർത്തകർ ചേർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി. രാത്രി 8.45ഓടെയാണ് ലോട്ടറി വിൽപനക്കാരിയായ തിലോത്തമയെ (65) ആക്രമിച്ചത്. രാത്രി ഭക്ഷണം കഴിഞ്ഞ് പടിഞ്ഞാറെ നടപ്പുരയിൽ കടലാസ് വിരിച്ച് ഉറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. നായ്ക്കള്‍ കുരച്ച് ഓടിവന്നപ്പോള്‍ നടപ്പുരയിലുണ്ടായിരുന്നവരെല്ലാം നിലവിളിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും ഭിന്നശേഷിക്കാരിയായ തിലോത്തമക്ക് രക്ഷപ്പെടാനായില്ല. മൂക്കിനും കൈക്കുമാണ് കടിയേറ്റത്. ഇവരെ ദേവസ്വത്തിൻറെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ നടക്കാന്‍ ശേഷിയില്ലാത്ത തിലോത്തമയെ നായ് ആക്രമിക്കുകയായിരുന്നു. ക്ഷേത്ര പരിസരത്ത് തെരുവ് നായ് ശല്യം വർധിക്കുന്നതായി പരാതി ഉയരാൻ തുടങ്ങി‍യിട്ട് ഏറെക്കാലമായി. ആറ് മാസം മുമ്പ് ദർശനത്തിനെത്തിയവർക്ക് കടിയേറ്റിരുന്നു. ഭക്ഷണം നൽകുന്ന ചിലർ ക്ഷേത്ര പരിസരത്തുള്ളതിനാൽ നായ്ക്കൾ ഇവിടേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. എ.ബി.സി; 'ഇപ്പൊ ശരിയാക്കി തരാം'എന്ന് നഗരസഭ ഗുരുവായൂര്‍: ആയിരക്കണക്കിന് തീർഥാടകരെത്തുന്ന ക്ഷേത്ര നഗരിയിൽ ഇതുവരെയും എ.ബി.സി പദ്ധതി നടപ്പാക്കിയില്ല. ഒരു വർഷത്തിനിടെ 30ഓളം പേർക്കാണ് ഗുരുവായൂരിൽ തെരുവ് നായുടെ കടിയേറ്റത്. നായ്ക്കളെ പിടികൂടി കൊല്ലാൻ നിയമ തടസങ്ങളുണ്ടെങ്കിലും ബദലായി ആവിഷ്കരിച്ചിട്ടുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) ആണ് ഇപ്പോൾ നടപ്പാക്കി വരുന്നത്. പലയിടത്തും ഇത് ആരംഭിച്ച് ഏറെക്കാലമായെങ്കിലും ഗുരുവായൂർ നഗരസഭയിൽ ഇപ്പോഴും എ.ബി.സി തുടങ്ങിയിട്ടില്ല. മൂന്നാഴ്ചക്കകം ആരംഭിക്കുമെന്നാണ് ഇപ്പോൾ പറയുന്നത്. ചാവക്കാട് മേഖലയിൽ ആരംഭിച്ചിട്ടുണ്ടെന്നും, ഗുരുവായൂരിൽ നിന്നുള്ള നായ്ക്കളെ അവിടെ കൊണ്ടുചെന്നാകും ശസ്ത്രക്രിയക്ക് വിധേയമാക്കുകയെന്നും പറയുന്നു. നായ് പിടുത്തക്കാർ സുരക്ഷിത മാർഗങ്ങളിലൂടെ നായ്ക്കളെ പിടികൂടി കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത് നാലു ദിവസത്തെ നിരീക്ഷണത്തിന് ശേഷം പിടിച്ച സ്ഥലത്തു തന്നെ കൊണ്ടുവിടുന്നതാണ് എ.ബി.സി പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.