കോൺഗ്രസ് അംഗത്തിന് നേരെ കൈയേറ്റം; കടവല്ലൂർ പഞ്ചായത്ത് ഓഫിസിൽ സംഘർഷം

പെരുമ്പിലാവ്: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസിൽ മുൻകൂർ ജാമ്യം തേടി പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ് അംഗത്തെ ഓഫിസ് കവാടത്തിൽ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കടവല്ലൂർ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വടക്കേ കോട്ടോൽ അംഗം ജമാൽ കോട്ടോലിനെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ഇ. സുധീറിൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. മഹിള അസോസിയേഷൻ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ എത്തിയ സി.പി.എം നേതാക്കളും വനിത നേതാക്കളും സ്ത്രീകളുമടങ്ങുന്ന സംഘമാണ് തടഞ്ഞത്. ഇത് ഉന്തും തള്ളലിലും കലാശിച്ചു. ഇതോടെ എസ്.ഐ യു.കെ. ഷാജഹാൻെറ നേതൃത്വത്തിൽ െപാലീസ് സംഘം ബലപ്രയോഗത്തിലൂടെ ജമാലിനെ അകത്തേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പോലീസുമായി ഉന്തും തള്ളും ഉണ്ടായി. ഈ സമയം ഓഫീസ് കോമ്പൗണ്ടിലും പരിസരത്തും കോൺഗ്രസ്, സി.പി.എം പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. കോൺഗ്രസ് അംഗങ്ങളെ സി.പി.എം പ്രവർത്തകർ കൈയേറ്റം ചെയ്തതായി നേതാക്കൾ കുറ്റപ്പെടുത്തി. മുൻ പഞ്ചായത്ത് പ്രസിഡൻറ്മാരായ പി.ഐ രാജേന്ദ്രൻ, കെ. കൊച്ചനിയൻ എന്നിവരുടെ അനുവാദത്തോടെയാണ് പ്രവർത്തകർ ജമാലിനെ കൈയേറ്റം ചെയ്തതെന്ന് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. ജാതിപ്പേര് വിളിച്ചെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് അംഗം ജമാൽ പഞ്ചായത്തിൻെറ രണ്ട് യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. മൂന്നാം തവണയും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. അതിനെ മറികടന്നായിരുന്നു ജമാൽ യോഗത്തിൽ പങ്കെടുത്തത്. തുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ അംഗമായ ജമാൽ രാജിവെക്കണമെന്ന് സി.പി.എം പ്രമേയം പാസാക്കി. തുടർന്ന് പ്രതിപക്ഷമായ യു.ഡി.എഫ് പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് അംഗത്തെ ഭരണ സമിതിയുടെ ഒത്താശയോടെ കള്ളക്കേസിൽ കുടുക്കുകയാണെന്നും പ്രമേയത്തിലൂടെ വ്യക്തമാക്കി. തുടർന്ന് പ്രമേയം സെക്രട്ടറിയെ ഏൽപിച്ച് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.