ആർക്കും ആശ്വാസമേകാതെ സഹകരണ ആശ്വാസ ഫണ്ട്​

തൃശൂർ: രോഗം ബാധിച്ചവരും അപകടത്തിൽപ്പെട്ടവരുമായ സഹകാരികളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഒരു വർഷം മുമ്പ് ആരംഭിച്ച സഹകരണ ആശ്വാസ ഫണ്ടിൽനിന്ന് ആർക്കും 'ആശ്വാസം'ലഭിച്ചില്ല. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 35 കോടി രൂപ അനുവദിച്ചതല്ലാതെ സഹായധനം നൽകിയില്ലെന്ന് സർക്കാർതന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജൂൺ 22നാണ് ഫണ്ട് ആരംഭിച്ചത്. അർബുദവും വൃക്ക രോഗവും ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്നവർ, പക്ഷാഘാതം മൂലം കിടപ്പിലായവർ, എച്ച്.ഐ.വി ബാധിതർ, ഹൃദ്രോഗത്തിന് ശസ്ത്രക്രിയക്ക് വിധേയരായവർ, ഗുരുതര കരൾ രോഗം ബാധിച്ചവർ, വാഹനാപകടത്തിൽ അംഗവൈകല്യം നേരിട്ടവർ, അപകടത്തിൽപ്പെട്ട കിടപ്പിലായ/മരിച്ച അംഗങ്ങളുടെ ആശ്രിതർ, മാതാപിതാക്കൾ എടുത്ത വായ്പ തീർക്കാനുള്ള ബാധ്യതയുള്ള കുട്ടികൾ എന്നിവർക്കാണ് സഹായധനം. ഇതോടൊപ്പം, പ്രകൃതി ദുരന്തത്തിൽപ്പെട്ട് വീടും അനുബന്ധ സ്വത്തുക്കളും നഷ്ടപ്പെട്ടവരെയും സഹായിക്കും. എന്നാൽ, ഇതുവരെ ഇത്തരക്കാർക്കൊന്നും സഹകരണ ആശ്വാസ ഫണ്ടിൽനിന്ന് തുക നൽകിയിട്ടില്ലെന്ന് പി. അബ്ദുൽ ഹമീദ് എം.എൽ.എക്ക് രേഖാമൂലം നൽകിയ മറുപടിയിൽ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ നഷ്ടം നേരിട്ട ഒരു സഹകാരിക്കും ഫണ്ടിൻെറ ആനുകൂല്യം നേരിട്ട് ലഭിച്ചില്ല. പകരം, പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഇതിൽനിന്ന് 35 കോടി രൂപ നൽകുകയായിരുന്നു. ഫലത്തിൽ, ദുരിതം അനുഭവിക്കുന്ന സഹകാരികളെ സഹായിക്കാൻ സർക്കാർ ആരംഭിച്ച ഒരു സംരംഭം ഒരു വർഷമായിട്ടും ഒറ്റ സഹകാരിക്ക് പോലും പ്രേയാജനപ്പെട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.