റഷ്യൻ സമുദ്രാന്തർ വാഹിനിക്ക്​​ തീപിടിച്ച്​ 14 ജീവനക്കാർ മരിച്ചു

മോസ്കോ: റഷ്യൻ സമുദ്രാന്തർ വാഹിനിക്ക് തീപിടിച്ച് 14 ജീവനക്കാർ മരിച്ചു. ആഴക്കടൽ ഗവേഷണം നടത്തുന്ന കപ്പലിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടലുകളുടെ ആഴം അളന്നുതിട്ടപ്പെടുത്തുന്ന പ്രവൃത്തിക്കിടയിൽ അന്തർവാഹിനിക്ക് തീപിടിക്കുകയും അതിലുണ്ടായിരുന്നവർ പുകയിൽ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. തീയണച്ചതായി വ്യക്തമാക്കിയ പ്രതിരോധ മന്ത്രാലയം കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സമീപകാലത്ത് റഷ്യയിൽ സമുദ്രാന്തർ വാഹിനികൾ പലകുറി അപകടത്തിൽപെട്ടിട്ടുണ്ട്. 2000ത്തിൽ കുർസ്കിൽ അന്തർവാഹിനിക്ക് തീപിടിച്ച് അതിലുണ്ടായിരുന്ന 118 പേരും മരിച്ചു. 2008ൽ കപ്പലിൽ വിഷവാതകം ചോർന്ന് 20 പേരാണ് മരിച്ചത്. 2011ൽ റഷ്യയുടെ ഏറ്റവും വലിയ ആണവ അന്തർവാഹിനിക്ക് അറ്റകുറ്റപ്പണിക്കിടെ തീപിടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.