തൃശൂർ: ലാലൂരിൽ മാലിന്യ സംസ്കരണ പ്ലാേൻറാ, കായിക സമുച്ചയമോ..? ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജില്ല ഭരണകൂടത്തിനും കോർപറേഷനും ഇതുവരെയും കഴിഞ്ഞിട്ടില്ല. രണ്ട് കൂട്ടരോടും ഇക്കാര്യത്തിൽ ചോദ്യമുന്നയിച്ചാൽ രണ്ടും ശരിയാണെന്നും പറയും. പ്രദേശവാസികളാവട്ടെ എന്താണെന്ന് അറിയാത്ത ആശങ്കയിലാണ്. അതിനിടെ ഉപയോഗ ശൂന്യമായ ലാലൂരിലെ ട്രഞ്ചിങ് ഗ്രൗണ്ട് പ്രദേശം ചീഫ് സെക്രട്ടറി ടോം ജോസ് സന്ദർശിച്ചു. സംസ്ഥാനത്ത് മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അത്യാധുനിക മാലിന്യ സംസ്കരണ പ്ലാൻറിന് തൃശൂരിൽ കണ്ടുവെച്ചിരിക്കുന്ന സ്ഥലം ലാലൂരാണ്. ഇതിെൻറ സ്ഥല പരിശോധനക്കായിട്ടാണ് ചീഫ് സെക്രട്ടറിയുടെ സന്ദർശനം. ശനിയാഴ്ച ഉച്ചയോടെ ലാലൂരിലെത്തിയ ചീഫ് സെക്രട്ടറി പ്രദേശവാസികളുമായും പരിസ്ഥിതി പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി. സംശയങ്ങളുന്നയിച്ച പ്രദേശവാസികളോട് പ്ലാൻറിെൻറ കാര്യക്ഷമതയെ കുറിച്ചും വിശദീകരിച്ചു. അടുത്ത ദിവസം കായിക സമുച്ചയത്തിന് മന്ത്രി തറക്കല്ലിടുന്നതിെൻറ ബോർഡ് ചൂണ്ടി കാര്യമറിയിച്ചപ്പോൾ നിലവിൽ ഈ കേന്ദ്രം മാലിന്യ പ്ലാൻറിനായിട്ടാണ് കണ്ടുവെച്ചിരിക്കുന്നതെന്നും 200 കോടി ചിലവിട്ട് സിംഗപൂർ മാതൃകയിലുള്ള പ്ലാൻറ് ആണ് ഇവിടെ സ്ഥാപിക്കുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഇതോടെയാണ് നാട്ടുകാരും ആശങ്കയിലായത്. മാലിന്യ സംസ്കരണ പ്ലാൻറ് പരീക്ഷണത്തിന് പ്രദേശം അനുവദിക്കാനാവില്ലെന്ന് നാട്ടുകാർ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഇതിനിടെ ഐ.എം.വിജയെൻറ പേരിൽ ഇവിടെ നിർമിക്കുമെന്ന് പറയുന്ന അന്താരാഷ്ട്ര നിലവാരത്തിലെ കായിക സമുച്ചയത്തിെൻറ ശിലാസ്ഥാപനം 26ന് മന്ത്രി ഇ.പി.ജയരാജൻ നിർവഹിക്കും. ഇതിെൻറ സംഘാടക സമിതി യോഗം കഴിഞ്ഞ ദിവസം കൂടുകയും ചെയ്തിരുന്നു. കലക്ടര്‍ ടി.വി. അനുപമ, കമീഷണർ യതീഷ് ചന്ദ്ര, കോര്‍പറേഷന്‍ സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ തുടങ്ങിയവരും ചീഫ് സെക്രട്ടറിയുടെ സന്ദർശനത്തിെൻറ ഭാഗമായി പ്രദേശത്ത് എത്തിയിരുന്നു. ലാലൂർ സമരസമിതി നേതാക്കളായ രഘുനാഥ് കഴുങ്കിൽ, സി.പി.ജോസ്, കെ.ജി.അനിൽ, ഉണ്ണികൃഷ്ണൻ, ഓമന, രാജീവ്, സുഭക, എസ്.പി.ശരചന്ദ്രൻ എന്നിവരും ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.